ഭൂമി തർക്കം; തഹസിൽദാറെ പട്ടാപ്പകൽ തീകൊളുത്തി കൊന്നു, പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

By Web TeamFirst Published Nov 4, 2019, 11:06 PM IST
Highlights

സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് തഹസിൽദാർ ഓഫീസിലെത്തിയ സുരേഷ്, വിജയയുടെ കാബിനുള്ളിൽ പ്രവേശിക്കുകയും തീകൊളുത്തുകയുമായിരുന്നു. 

തെലങ്കാന: ഭൂമി തർക്കത്തെ തുടർന്ന് പട്ടാപ്പകൽ തഹസിൽദാറെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. തെലങ്കാനയിലെ അബ്ദുള്ളപുർമെത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അബ്ദുള്ളപുർമെത്തിലെ ആദ്യത്തെ തഹസിൽദാറായ വിജയ റെഡ്ഡിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിജയ റെഡ്ഡിയെ തീകൊളുത്തിയ സുരേഷ് എന്നയാളെ ​ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് തഹസിൽദാർ ഓഫീസിലെത്തിയ സുരേഷ്, വിജയയുടെ കാബിനുള്ളിൽ പ്രവേശിക്കുകയും തീകൊളുത്തുകയുമായിരുന്നു. വിജയയുടെ നിലവിളി കേട്ട് ക്യാബിനുള്ളിലെത്തിയ സഹപ്രവർത്തകർ‌ വിജയയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അതിന് മുമ്പ് സംഭവസ്ഥലത്തുവച്ച് തന്നെ വിജയ മരിക്കുകയായിരുന്നു. വിജയയെ ര​ക്ഷിക്കുന്നതിനിടെ സഹപ്രവർത്തകരിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് രചക്കൊണ്ട പൊലീസ് കമ്മീഷ്ണർ‌ മഹേഷ് എം ഭ​ഗവത് പറഞ്ഞു.

സർക്കാർ‌ ഓഫീസിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് സംഭവിക്കുന്നതെന്ന് മഹേഷ് പറഞ്ഞു. 60 ശതമാനം പൊള്ളലേറ്റ പ്രതി ചികിത്സയിലാണ്. പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാന വിദ്യാഭ്യാസ മന്ത്രി പി സാബിത ഇന്ദ്ര റെഡ്ഡി, കോൺ​ഗ്രസ് എംപി വെങ്കിട റെഡ്ഡി,  മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പടെയുള്ളവർ തഹസിൽദാർ ഓഫീസ് സന്ദർശിച്ചിരുന്നു.

അതേസമയം, സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ഓഫീസിന് മുന്നിൽ റവന്യൂ ഉദ്യോ​ഗസ്ഥർ പ്രതിഷേധ സമരം നടത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതോടെ സർക്കാർ ജീവനക്കാരുടെ ജീവന് എന്ത് സുരക്ഷയാണുഉള്ളതെന്ന് റവന്യൂ എംപ്ലോയിസ് അസോസിയേഷൻ നേതാവ് രവീന്ദർ പ്രതികരിച്ചു. 

click me!