
കോട്ടയം: കോട്ടയം വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല (58) യെ വെട്ടി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ പിന്നീട് വീടിന് സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ഭാര്യയെ വെട്ടിയതിനെ തുടർന്ന് നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ദാമോദരൻ പാടത്തിലുടെ ഓടി മറയുകയായിരുന്നു. പിന്നീട് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട് ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
പാലക്കാട് ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് സൂര്യ പ്രിയയാണ് കൊല്ലപ്പെട്ടത്. പ്രതി സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങി.
രാവിലെ 11.30യ്ക്കാണ് സംഭവം. മറ്റാരുമില്ലാത്ത സമയത്താണ് പ്രതി സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. സുജീഷും സൂര്യപ്രിയയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതെ കുറിച്ച് സംസാരിക്കാനാണ് പ്രതി എത്തിയത്. സംസാരം വാക്കുതർക്കത്തിലെത്തുകയും സുജീഷ് സൂര്യപ്രിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പ് വരുത്തിയ പ്രതി നേരെ പോയത് ആലത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാനാണ്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചു.
വീട്ടിലെ മുറിക്കകത്താണ് സൂര്യപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. മേലാർകോട് കോന്നല്ലൂർ ശിവദാസന്‍റെ മകളാണ് സൂര്യപ്രിയ. 24 വയസ്സായിരുന്നു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സൂര്യപ്രിയ. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. പൊതുപ്രവര്‍ത്തനരംഗത്ത് ഏറെ സജീവമായിരുന്ന സൂര്യപ്രിയയുടെ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് ചിറ്റിലഞ്ചേരി ഗ്രാമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam