
കുളമാവ്: ഇടുക്കി നാടുകാണിയില്‍ യുവാവിനെ മരിച്ച നിലയിലും പെണ്‍കുട്ടിയെ പരിക്കേറ്റനിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. യുവാവിന്‍റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ. പതിനേഴുകാരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ് ആരോപണം. അതേസമയം പെൺകുട്ടിയെ നാടുകാണി ചുരത്തിൽ നിന്ന് തള്ളിയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം മേലുകാവുമറ്റം സ്വദേശി അലക്സിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് അലക്സിനെ കുളമാവ് നാടുകാണി പവലിയന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശിയായ പതിനേഴുകാരിയുമായി അലക്സ് പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുളമാവിനടുത്ത് ഇരുവരുമുണ്ടെന്ന് വിവരം കിട്ടി. പൊലീസ് പരിശോധനയിൽ നാടുകാണി പവലിയനടുത്തുനിന്ന് അലക്സിന്‍റെ ബൈക്ക് കണ്ടെത്തി. തുടർപരിശോധനയിൽ പവലിയന് താഴെ അലക്സിനെ ജീൻസ് പാന്‍റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പെൺകുട്ടിയെ ഇവിടെ നിന്ന് കണ്ടെത്താനിയില്ല. അന്വേഷണത്തിനിടെ പവലിയന് 250 അടി താഴെ നിന്ന് നിലവിളി കേട്ടു. ചെങ്കുത്തായ താഴ്വരയിൽ അഗ്നിശമന സേനയെ എത്തിച്ച് നടത്തിയ തെരച്ചിലിൽ കാലുകളും ഇടുപ്പെല്ലും പൊട്ടിയ നിലയിൽ പരിക്കേറ്റ പെൺകുട്ടിയെ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തി. 24 മണിക്കൂർ പരിക്കേറ്റ് കിടന്ന പെൺകുട്ടി ഏറെ അവശയായിരുന്നു.
നാടുകാണി പവലിയനിൽ വച്ച് അലക്സുമായി തർക്കമുണ്ടായെന്നും തുടർന്ന് അലക്സ് തന്നെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി അപകടനില തരണം ചെയ്തു. അലക്സിന്റെ മരണത്തിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam