
ശ്രീകാര്യം: ശ്രീകാര്യം കട്ടേലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സംശയം. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെയാണ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയ സാജു മടങ്ങി വന്നിരുന്നില്ല. പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സാജുവിന്റെ സുഹൃത്ത് അനീഷിനു വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മദ്യപിച്ച് സുഹൃത്തുക്കളുമായി രാത്രി സാജു വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയിൽ നഷ്ടമായ മൊബൈൽ വാങ്ങാനാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.
അടിമാലിയിൽ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത് ഇന്നലെയാണ്. വഴിയില്‍ കിടന്ന മദ്യം കുടിച്ച് ഒരാൾ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ബോട്ടിലിൽ സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്. മദ്യം കുടിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധുവിനെ കൊല ചെയ്യാന്‍ ലക്ഷ്യമിട്ട് കേസിലെ പ്രതി തയ്യാറാക്കിയ പദ്ധതിയായിരുന്നു വഴിയില്‍ കിടന്നുകിട്ടിയ മദ്യമെന്ന പ്രചരണം. ലഹരി മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കം കാരണമാണ് മനോജിനെ കൊല്ലാൻ സുധീഷ് തീരുമാനിച്ചതും മദ്യത്തിൽ വിഷം കലർത്തിയതും. ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയ ശേഷം വഴിയിൽ കിടന്ന് കിട്ടിയതാണെന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു അടിമാലി സ്വദേശി സുധീഷ് ചെയ്തത്.
ജനുവരി എട്ടാം തിയതി രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണ് കിട്ടിയെന്ന് പറഞ്ഞ് സുധീഷ് ഇവർക്ക് വിഷം കലർത്തിയ മദ്യം നൽകിയത്. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് ഇത് കുടിക്കുകയും പിന്നീട് അവശനിലയിലാകുകയും ചെയ്യുകയായിരുന്നു. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കുഞ്ഞുമോൻ മരിച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam