
സംഭാൽ (യുപി): യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ദമ്പതികൾ. ഉത്തർപ്രദേശിലെ സംഭാലിലാണ് കൊലപാതകം നടന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ക്രൂഡ്രൈവർ, പ്ലയർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. അനീസ് എന്നയാളാണ് കൊല്ലപ്പെട്ടത്. റയീസ് അഹമ്മദും ഭാര്യ സിതാരയും ചേർന്നാണ് തന്നെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഇയാൾ മരിക്കുന്നതിന് മുമ്പേ പറഞ്ഞതായി കുടുംബം പറഞ്ഞു.
ഏഴ് ലക്ഷം രൂപയുടെ കടം വാങ്ങിയതിന്റെ പേരിലാണ് അനീഷിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറഞ്ഞെങ്കിലും, വിവാഹേതര ബന്ധമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൈകാലുകൾ ഒടിച്ചെന്നും ക്രൂരമായി ഉപദ്രവിച്ചെന്നും പിതാവ് മുസ്തകീം പറഞ്ഞു. അനീഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും വർഷങ്ങൾക്ക് മുമ്പ് അയാൾ കടം കൊടുത്ത ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് അയൽക്കാരന്റെ വീട്ടിൽ പോയിരുന്നുവെന്നും മുസ്തകീം പറഞ്ഞു.
പരിക്കേറ്റ അനീഷ് എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടിയെന്നും അവിടെ വെച്ച് മരണമടഞ്ഞെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അനീഷ് മരിച്ചതായി ഇന്നലെ രാത്രി വൈകിയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിൽ, ഇരയായ അനീഷിന് സിതാരയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. റയീസും സിതാരയും അനീഷിന്റെ കൊലപാതകത്തിന് പദ്ധതിയിട്ടു. തുടർന്ന് അവനെ വീട്ടിലേക്ക് ക്ഷണിക്കുകയും കൊല നടത്തുകയും ചെയ്തുനെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ഗൂഢാലോചനയിൽ സിതാരയെ പങ്കാളിയാകാൻ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല.