
മുംബൈ: മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വൈരാഗ്യത്തിന് 44കാരൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൗത്ത് മുംബൈയിലാണ് സംഭവം. പ്രതി ബാബാ പവാറിനെ എംആർഎ മാർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
ബാബാ പവാർ മദ്യപാനത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റിയാസുദ്ദീൻ അൻസാരി (46) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ ബാബാ പവാർ കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് അൻസാരി. ഇരുവരും സുഹൃത്തുക്കളായിരുന്നു. ബിഎംസി മത്സ്യച്ചന്തയിൽ ഒന്നിച്ച് ജോലിചെയ്തു വരികയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. അന്ന് തന്നെ പൊലീസ് പ്രതിയെ പിടികൂടി.
"ബാബാ പവാർ കടുത്ത മദ്യപാനിയാണ്. മറ്റുള്ളവരുമായി വഴക്കിടുന്നത് പതിവായിരുന്നു. ജോലി ചെയ്യുന്നവരുമായി പതിവായി വഴക്കുണ്ടാക്കുമായിരുന്നു. ഇരുവരും ഒന്നിച്ച് മത്സ്യ മാർക്കറ്റിൽ തന്നെയാണ് താമസിച്ചിരുന്നത്. പവാർ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നു, അൻസാരി പണം നൽകാൻ വിസമ്മതിച്ചു. ഇത് വലിയ തർക്കത്തിന് കാരണമായി. വഴക്കിട്ട് പിണങ്ങിപ്പോയ പവാർ ഏതാനും മിനിറ്റുകൾക്കുശേഷം തിരിച്ചെത്തി. ഉറങ്ങുകയായിരുന്ന അൻസാരിയുടെ തലയിലേക്ക് വലിയ കല്ലെടുത്ത് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം മരിച്ചത്." പൊലീസ് പറഞ്ഞു.
സീനിയർ ഇൻസ്‌പെക്ടർ രാജേഷ് പവാറിന്റെയും പിഐ ഗെയ്‌ക്‌വാദിന്റെയും നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പവാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
Read Also: പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ