
തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല. വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചിൽ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലാണ്. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിനായുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ മെയിൽ നഴ്സ് സത്യദാസും വീട്ടിലുണ്ടായിരുന്നു. രാത്രിയിൽ വീട്ടിലേക്കെത്തിയ സന്തോഷ് സന്ദീപിനെ പരിചരിച്ചിരുന്ന സത്യദാസിനെ പുറത്താക്കി സന്ദീപിനെ കുത്തുകയായിരുന്നു. സത്യദാസ് പൊലീസിനെ വിളിച്ചെത്തിയപ്പോഴേക്കും കൊല നടന്നിരുന്നു. നെഞ്ചിൽ കുത്തിയിറക്കിയ കത്തിയോടെത്തന്നെയാണ് സന്ദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊലപാതകത്തെക്കുറിച്ച് ചോദിച്ച പൊലീസിനോട്, സന്ദീപ് നേരത്തെ മരിച്ചു കിടക്കുകയാണല്ലോ എന്നാണത്രേ പ്രതി സന്തോഷ് പറഞ്ഞത്. വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതി പ്രതി സന്തോഷ് വെറ്റിനറി ഡോക്ടറാണ്. എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. സന്ദീപ് അവിവാഹിതനാണ്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട
കണ്ണൂരിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കോടി വിലവരുന്ന എം ഡി എം എ പിടികൂടി. 677 ഗ്രാം എം ഡി എം എ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്. എന്നാൽ എം ഡി എം എ എത്തിച്ചയാളെ പിടികൂടാനായില്ല. ഇയാൾ ഓടി രക്ഷപ്പെട്ടതായി റെയിൽവേ പൊലീസ് പറഞ്ഞു. ബാംഗ്ലൂരിൽ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക. കഴിഞ്ഞ ദിവസവും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കോടി രൂപ വില വരുന്ന എം ഡി എം എ യുമായി ഒരാൾ അറസ്റ്റിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam