Murder|'കള്ളം പൊളിഞ്ഞു'; ഗുജറാത്തില്‍ 12 വയസുകാരനെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ അച്ഛന്‍ പിടിയില്‍

By Web TeamFirst Published Nov 4, 2021, 5:07 PM IST
Highlights

ഭാര്യ മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സക്കീറിനെ മകനായി അംഗീകരിക്കാന്‍ സയീദ് ഇലയാസ് തയ്യാറായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

സൂറത്ത്: ഗുജറാത്തില്‍(Gujarat) അച്ഛന്‍ മകനെ പുഴയില്‍(River) തള്ളിയിട്ട് കൊലപ്പെടുത്തി(Murder). ഗുജറാത്തിലെ സൂറത്ത് നഗരത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ സയീദ് ഇലയാസ് ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 31ന് ആണ് പ്രതി തന്‍റെ 12 വയസുകാരനായ മകന്‍ സക്കീറിനെ കൊലപ്പെടുത്തിയത്.

തപ്പി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് മകൻ സക്കീറിനെ  സയീദ് ഇലയാസ് ഷെയ്ഖ് താഴേക്ക് തള്ളിയിടുകയായിരുന്നു.   സെൽഫിയെടുക്കുന്നതിനിടെ കുട്ടി കാല്‍ തെറ്റി പുഴയിലേക്ക് വീണതാണെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതെന്ന്  റാന്ദർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
തുടര്‍ന്ന് കഴിഞ്ഞ  ചൊവ്വാഴ്ച  സയീദ് ഇലയാസ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബ പ്രശ്നം മൂലമാണ് പ്രതി മകനെ കൊലപ്പെടുത്തയതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായി വഴക്കിട്ട് പ്രതി തന്‍റെ മാതാപിതാക്കളോടൊപ്പമാണ് മൂന്ന് വര്‍ഷമായി താമസിച്ച് വന്നിരുന്നത്. ഭാര്യ മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സക്കീറിനെ മകനായി അംഗീകരിക്കാന്‍ സയീദ് ഇലയാസ് തയ്യാറായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പിതൃത്വം സംബന്ധിച്ച് സക്കീറുമായി ഷെയ്ഖ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ ഭാര്യയുടെ കാമുകനാണ് കുട്ടിയുടെ പിതാവെന്നും താനല്ലെന്നും ഷെയ്ഖ് സക്കീറിനോട് പറഞ്ഞു. പിന്നീട് മകനെ പാലത്തിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പുഴയിലേക്ക് തള്ളിയിട്ടു. പിന്നീട് മകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണെന്ന് നാട്ടുകാരേയും പൊലീസിനെയും പറഞ്ഞ് വിശ്വസിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

പിതാവിന്‍റെ മൊഴികളില്‍ വൈരുദ്ധ്യം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബ പ്രശ്നങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷെയ്ഖ് കുറ്റം സമ്മതിക്കുകയായിരുന്നു.   തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

click me!