
കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു (Murder). കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പൊലീസില്‍ വിളിച്ച് അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ അഖിലേഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Also Read : സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കൽ, ഒളിഞ്ഞുനോട്ടം; ഹ്യുണ്ടായി അനസ് അറസ്റ്റിൽ
Also Read : മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു, സുപ്രധാന വിധി പറയാൻ കോടതി
തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ സംഘര്‍ഷം: ഒരാൾക്ക് കുത്തേറ്റു
തിരുവനന്തപുരം കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച ഗുണ്ടാസംഘം പിടിയിൽ. നിരവധിക്കേസിൽ പ്രതിയായ അഞ്ച് പേരെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
ഇന്നലെ എട്ട് മണിയോടെയാണ് വിവാഹ സൽക്കാരത്തിനിടെ ആക്രമമുണ്ടായത്. കഴക്കൂട്ടത്ത് നടന്ന വിവാഹ സൽക്കാരത്തിനിടെ കണിയാപുരം സ്വദേശി വിഷമുവിനെ ഗുണ്ടാ സംഘം കുത്തിയത്. മംഗപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന ക്കേസിൽ പ്രതിയായ ജാസിംഖാന്‍റെ നേതൃത്വത്തിലായിരുന്നു ആക്രണം. വിഷ്ണുവിന്‍റെ മുതുകിനാണ് കുത്തേറ്റത്. ജാസിംഖാന്‍റെ സംഘത്തിലായിരുന്നു വിഷണു. ഇപ്പോള്‍ തെറ്റിപിരിഞ്ഞതിൻെറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ജാസിം ഖാൻ, സിബിൽ, രാഹുൽ, അഭിനവ് (ശങ്കർ) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് പൊലീസ് പിടി കൂടുകയായിരുന്നു.വിവാഹ സൽക്കാരത്തിൽ നിരവധി ഗുണ്ടകള്‍ പങ്കെടുത്തിരുന്നുവെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam