സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കൽ, ഒളിഞ്ഞുനോട്ടം; ഹ്യുണ്ടായി അനസ് അറസ്റ്റിൽ

Published : May 16, 2022, 03:30 PM ISTUpdated : May 16, 2022, 03:32 PM IST
സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കൽ, ഒളിഞ്ഞുനോട്ടം;  ഹ്യുണ്ടായി അനസ് അറസ്റ്റിൽ

Synopsis

വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവെച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്നു.

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ അസി. കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും പിടികൂടി. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യുണ്ടായി അനസ് (അനസ്)  ആണ് പിടിയിലായത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും മേലുള്ള ആഭരണങ്ങളാണ് ഇയാൾ മോഷ്ടിക്കാറുള്ളത്.

പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ വീണ്ടും പൊലീസിന്റെ നോട്ടപ്പുള്ളിയായി. മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിൻ്റെ കൈചെ‌യിൻ മോഷ്ടിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതി കുറ്റസമ്മതം നടത്തി.

വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവെച്ചത്. മോഷ്ടിച്ച സ്വർണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്. ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിക്കുന്ന പ്രതി, ഫോൺ വഴിയിലുപേക്ഷിക്കുകയോ ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചു വെക്കുകയോ ചെയ്യും. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കക്കോടി കൂടത്തുംപൊയിലിൽ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് അയൽവാസികൾക്ക് പോലും അറിവുണ്ടായിരുന്നില്ല.

എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ, എസ്ഐ  രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഡൻസാഫ് അസി. എസ്ഐമാരായ മനോജ് എടയേടത്ത്, കെ അഖിലേഷ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, എലത്തൂർ സിപിഒ അബ്ദുൽ സമദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്