Asianet News MalayalamAsianet News Malayalam

'പൊല്ലാപ്പാകില്ല, രഹസ്യമായിരിക്കും'; മയക്കുമരുന്ന് സംഘത്തെക്കുറിച്ച് 'പോല്‍ ആപ്പി'ലൂടെ വിവരം നല്‍കാം

പോല്‍ -ആപ്പിലെ സര്‍വ്വീസസ് എന്ന വിഭാഗത്തില്‍ മോര്‍ സര്‍വ്വീസസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് ടു അസ് എന്ന വിഭാഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം.

public can give information about drug gangs through  kerala police pol app
Author
First Published Oct 7, 2022, 6:47 PM IST

തിരുവനന്തപുരം : മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ പോല്‍-ആപ്പ് വഴി രഹസ്യമായി കൈമാറാമെന്ന് പൊലീസ്.  പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആണ് പോല്‍-ആപ്പ്. ഈ ആപ്പ് വഴി മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും ഉള്‍പ്പെടെയുളള വിവിധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള് അതീവ രഹസ്യമായിരിക്കുമെന്ന് പൊലീസ് പറയുന്നു.  

മയക്കുമരുന്നു മാഫിയയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നയാളുടെ വ്യക്തിഗത വിവരങ്ങള്‍ പോല്‍-ആപ്പില്‍ രേഖപ്പെടുത്തില്ലെന്നതാണ്  ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പോല്‍ -ആപ്പിലെ സര്‍വ്വീസസ് എന്ന വിഭാഗത്തില്‍ മോര്‍ സര്‍വ്വീസസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് ടു അസ് എന്ന വിഭാഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത്തരത്തില്‍ ഏത് വിവരവും പൊലീസിനെ രഹസ്യമായി അറിയിക്കാം.

അതേസമയം സര്‍ക്കാരിന്‍റെ  ലഹരിവിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ സ്കൂളുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഓരോ എസ്.പി.സി സ്കൂളും പദ്ധതി നിലവിലില്ലാത്ത അഞ്ച് സ്കൂളുകള്‍ വീതം ഏറ്റെടുത്താണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലഹരി ഉപഭോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓരോ എസ്.പി.സി കേഡറ്റും നൂറു പേരെ ബോധവത്ക്കരിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
    
സംസ്ഥാനത്ത് സ്റ്റുഡന്‍റ് പോലീസ് പദ്ധതി നിലവിലുളള 1000 സ്കൂളുകളിലെ 84,000 കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുളള അവബോധം പദ്ധതിയിലൂടെ നല്‍കും. സംസ്ഥാനത്തെ 6,000 സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 
    
സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പനയും ഉപഭോഗവും കണ്ടെത്താന്‍ എസ്.പി.സി കുട്ടികള്‍ മുന്‍കൈയെടുക്കും. ലഹരിക്ക് അടിമയായ കുട്ടികളെ കണ്ടെത്തി വിമുക്തിയുടെ  ഡി അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ച് ചികില്‍സ ലഭ്യമാക്കും. വിമുക്തിയുടെ ലഹരി മോചന കേന്ദ്രങ്ങളെക്കുറിച്ചുളള അവബോധവും ഇവര്‍ നല്‍കും. ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റര്‍ രചനാ മത്സരങ്ങള്‍, ലഹരിക്ക് അടിമപ്പെട്ടവരുടെ ജീവിതാവസ്ഥ നേരിട്ട് മനസിലാക്കുന്നതിനായി ലഹരി വിമോചന കേന്ദങ്ങളിലെ സന്ദര്‍ശനം എന്നിവയും നടത്തും.
    
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍, നിയമവശങ്ങള്‍ എന്നിവയെക്കുറിച്ചുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ 'സാറ്റര്‍ഡേ ടോക്ക്' എന്ന പേരില്‍ ഒരു മാസം എല്ലാ ശനിയാഴ്ചയും കുട്ടികള്‍ക്കായി സംഘടിപ്പിക്കും. അതത് വിഷയങ്ങളിലെ വിദഗ്ദ്ധരാണ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വീഡിയോ ക്ലാസ് എടുക്കുന്നത്. ലഹരിക്ക് അടിമപ്പെട്ടശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊളളിച്ച്   'വോയിസ് ഓഫ് വിക്ടിംസ്' എന്ന വീഡിയോ സീരീസും പ്രദര്‍ശിപ്പിക്കും.  വിപുലമായ സോഷ്യല്‍മീഡിയ ക്യാമ്പയിനും ഇതിന്‍റെ ഭാഗമായി എസ്.പി.സി സംഘടിപ്പിച്ചിട്ടുണ്ട്.

Read More : മിന്നല്‍ റെയ്ഡ്; കോഴിക്കോട് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios