
വില്ലുപുരം: കടബാധ്യത മൂലം മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ വില്ലുപുരത്താണ് ദാരുണമായ സംഭവം നടന്നത്. അരുൺ, ഭാര്യ ശിവകാമി, ഇവരുടെ മക്കളായ പ്രിയദര്‍ശിനി (5), യുവ ശ്രീ (3), ഭാരതി (1) എന്നിവരാണ് മരിച്ചത്.
സംഭവം ചിത്രീകരിച്ച് അരുൺ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തുവെന്ന് പൊലീസ് പറയുന്നു. ധാരാളം മൂന്നക്ക ലോട്ടറി ടിക്കറ്റ് വാങ്ങിയത് കാരണം താന്‍ വലിയ കടത്തില്‍ അകപ്പെട്ടുവെന്ന് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ അരുൺ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സയനൈഡ് ഉള്ളിൽ ചെന്നാണ് അഞ്ചു പേരും മരിച്ചത്.
വീഡിയോ ലഭിച്ചതിന് പിന്നാലെ സുഹൃത്തുക്കൾ വിവരം പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസ് വീട്ടിലെത്തി അഞ്ചു പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടം മൃതദേഹങ്ങൾ വില്ലുപുരം സർക്കാർ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.
അരുണിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആളുകളിൽ നിന്നും പലിശക്കാരിൽ നിന്നും അരുൺ പണം വാങ്ങിയിരുന്നു. എന്നാല്‍ കടം കൂടിയതോടെ അരുൺ സ്ഥിരമായി ലോട്ടറി എടുക്കാൻ തുടങ്ങി. പക്ഷേ ഭാഗ്യം അരുണിനെ തുണച്ചില്ല. ഇതോടെയാണ് ഇയാള്‍ കുടുംബത്തോടെ മരിക്കാന്‍ തിരുമാനിച്ചതെന്ന് വില്ലുപുരം എസ്പി ജയകുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ അനധികൃത ലോട്ടറി വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 200 കേസുകളാണ് അനധികൃത ലോട്ടറി കച്ചവടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam