ലോക്ക്ഡൗൺ ലംഘനത്തിന് പിഴയിട്ട പൊലീസിനെ ചുറ്റിക്കാന്‍ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

By Web TeamFirst Published Jul 21, 2021, 8:41 AM IST
Highlights

ഉച്ചക്ക് രണ്ടിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഭീഷണി വന്നയുടനെ ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി. ബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല

പൊന്നാനി: ലോക്ക്ഡൗൺ ലംഘനത്തിന് പിഴയിട്ടതിന് പക തീർക്കാൻ പൊലീസിനെ ചുറ്റിക്കാൻ ലക്ഷ്യമിട്ട് ബാങ്ക് തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉയർത്തിയ പ്രതി പിടിയിൽ. ബംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പിടിയിലായത്. ചൊവ്വാഴ്ച്ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിലൂടെ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. 

ഉച്ചക്ക് രണ്ടിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഭീഷണി വന്നയുടനെ ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി. ബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് ഉറപ്പാക്കിയതോടെ പ്രതിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ സ്റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാൾ സ്വദേശിയായ തപാൽ മണ്ഡൽ എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. 

ഫോണിന്റെ ലോക്കേഷൻ കണ്ടെത്തുകയും ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനിൽ എത്തിക്കുകയും പ്രതിയുടെ പേരിൽ കേസ് എടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിന് ഇയാൾക്കെതിരെ പൊലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അതിന്റെ ദേഷ്യത്തിൽ പൊലീസിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ബാങ്കിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇയാൾ സ്റ്റേഷനിൽ വിളിച്ച് പറഞ്ഞതെന്നാണ് പൊലിസ് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!