
കുമളി: കേരള തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ വച്ച് തമിഴ്നാട് വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിലെ ഒരാളെ തമിഴ്നാട് പോലീസ് പിടികൂടി. കുമളി ഓടമേട് സ്വദേശി സോജൻ ജോസഫാണ് പിടിയിലായത്. പുലർച്ചെ നാലു മണിയോടെ കുമളിക്ക് സമീപം ഓടമേട്ടിലെ വീട്ടിൽ നിന്നുമാണ് സോജനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സോജൻ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് തമിഴ്നാ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വനപാലകരെ കണ്ടപ്പോൾ താൻ ഓടി രക്ഷപെട്ടെന്നും വനപാലകരെ ആക്രമിച്ചിട്ടില്ലെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയാണ് സോജൻ. ഒപ്പമുണ്ടായിരുന്ന നാലു പേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജൂൺ 30-ന് രാത്രിയിലാണ് കേരള തമിഴ്നാട് അതിർത്തിയിലെ ചെല്ലാർകോവിലിനു സമീപമുള്ള വനമേഖലയിൽ വച്ചാണ് തമിഴ്നാട് വനപാലകർക്ക് നേരെ ആക്രമണം ഉണ്ടായത്. വനമേഖലയിൽ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന വനപാലകർക്കു മുന്നിൽ നായാട്ടു സംഘം അകപ്പെട്ടു.
തുടര്‍ന്ന് തോക്കു ചൂണ്ടി രക്ഷപെടാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ തോക്കിൽ നിന്ന് വെടി പൊട്ടിയെങ്കിലും ആർക്കും പരുക്കേറ്റില്ല. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചു. രണ്ടുവനപാലകർക്ക് പരുക്കേൽക്കുകയും ചെയ്തു. കേരള - തമിഴ്നാട് പോലീസും വനപാലകരും രാത്രി വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ പക്കൽ നിന്നും തോക്ക്, വാക്കത്തി, മാൻകൊമ്പ് എന്നിവയും കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ സോജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam