
കൊച്ചി: എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപെടുത്തി. നായരമ്പലം സ്വദേശി സനോജ് (44 ) ആണ് കൊല്ലപ്പെട്ടത്. സനോജിനെ കുത്തിയ പ്രതി അനിൽകുമാർ പിടിയിലായി. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി 930 ഓടെ നെടുങ്ങാട് അണിയിൽ റോഡിലാണ് സംഭവം നടന്നത്. ഇവർ തമ്മിൽ വാഹന സംബന്ധമായ തർക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സനോജ് നേരത്തെ അനിൽകുമാറിന്റെ വാഹനം വാങ്ങിയിരുന്നു. എന്നാൽ ഓണർഷിപ്പ് കൈമാറാൻ അനിൽകുമാർ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.
ഞാറക്കൽ പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം വാങ്ങിയ സനോജ് ഇതിന്റെ വായ്പ മുഴുവൻ അടച്ച് തീർത്തിട്ടും അനിൽകുമാർ ഓണർഷിപ്പ് കൈമാറാൻ തയ്യാറായില്ലെന്നാണ് വിവരം. പെയിന്റിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സനോജ്. അനിൽകുമാർ കൊറിയർ സർവ്വീസ് ജീവനക്കാരനാണ്.
സനോജിന് ഇടത് നെഞ്ചിലാണ് കുത്തേറ്റത്. അനിൽകുമാർ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് കുഴഞ്ഞ് വീണ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ ഞാറക്കൽ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam