Rape Case: രോഗം മാറാൻ വീട്ടിലെത്തിയ യുവതിയെ മന്ത്രവാദി പീഡിപ്പിച്ചു; ഇനി 'അഴിയെണ്ണാം', ജീവപര്യന്തം തടവിന് വിധി

By Web TeamFirst Published Nov 23, 2021, 11:31 PM IST
Highlights

യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിത്തിച്ച് അബു താഹിർ പീഡിപ്പിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശി​ക്ഷ വിധിക്കുകയായിരുന്നു

പാലക്കാട്: രോഗം മാറാൻ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോയമ്പത്തൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ബന്ധുക്കളോടൊപ്പം ആണ്ട് നേർച്ചക്കായി പട്ടാമ്പിയിലെ അബു താഹിറിന്റെ വീട്ടിലെത്തിയത്.

നേർച്ചക്ക് ശേഷവും യുവതിയും ബന്ധുക്കളും മുപ്പത്തിയേഴുകാരനായ പ്രതിയുടെ വീട്ടിൽ തങ്ങി. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന്  ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇതിന് ശേഷം യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിത്തിച്ച് അബു താഹിർ പീഡിപ്പിച്ചത്.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശി​ക്ഷ വിധിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കളായ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു. കുറ്റകൃത്യം നടന്ന നാല് വർഷത്തിനെ ശേഷമാണ് കേസിൽ വിധി വന്നിട്ടുള്ളത്. സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളും പോക്സോ കേസുകളും വർദ്ധിക്കുമ്പോഴും വിചാരണ പൂർത്തിയാക്കാൻ വേണ്ടത്ര കോടതികളില്ലാത്തത് തിരിച്ചടിയാകുന്നുവെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൽ 28 കോടതികള്‍ ഇനിയും തുടങ്ങിയിട്ടില്ല. നവംബർ ഒന്നിന് 28 കോടതികളും പ്രവർത്തനം തുടങ്ങാനായിരുന്നു ഉന്നതയോഗത്തിലെ തീരുമാനം. രാജ്യത്ത് സ്ത്രീപീഡന- പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികള്‍ പൂർത്തിയാകുന്നില്ലെന്നുള്ളത് ​ഗുരുതരമായ പ്രശ്നമാണ്. ആവശ്യത്തിന് കോടതികള്‍ ഇല്ലാത്തതും കേസുകളുടെ ബാഹുല്യമാണ് ഇരകള്‍ക്ക് സമയബന്ധിതമായി നീതി ലഭിക്കാത്തിന് കാരണം. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ സ്ത്രീ പീഡന- പോക്സോ കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ രണ്ടു വർഷത്തേക്ക് താൽക്കാലിക കോടതികള്‍ അനുവദിച്ചത്. 

click me!