
കൊല്ലം: കൊല്ലം തേവലക്കരയിൽ നാടുറോഡിൽ യുവാവിന്റെ അഴിഞ്ഞാട്ടം. കോട്ടൂർമുക്കിൽ ഇരുമ്പ് കമ്പിയുമായി വാഹനം തടഞ്ഞ യുവാവ് കാറിന്റെ മുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രണവിനെ തെക്കുംകര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ ശാസ്താംകോട്ട പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു പ്രണവ്.
തേവലക്കര കോട്ടൂർ മുക്കിൽ സമയം വൈകീട്ട് അഞ്ചര മണി സമയത്ത്, വേഗത്തിൽ വന്ന കാറിന്റെ മുന്നിലേക്ക് അർധ നഗ്നനായ ഒരു യുവാവ് കമ്പി വടിയുമായി നടന്നടുത്തു. വാഹനം നിർത്തിയതോടെ അയാൾ ഇരുമ്പ് കമ്പിയുമായി ബോണറ്റിൽ ചവിട്ടി കാറിനു മുകളിലേക്ക് കയറി. അവിടെ നിന്ന് അയാൾ ആരോടെന്നില്ലാതെ പുലഭ്യം പറഞ്ഞു. കുറച്ചുനേരം കേട്ടാൽ അറയ്ക്കുന്ന തെറി പറഞ്ഞയാൾ വാഹനത്തിൽ നിന്നും ഇറങ്ങിപ്പോയി. രണ്ട് ചെറുപ്പക്കാർ തടയാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല.
കാറിലുണ്ടായവർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം പൊലീസ് കേസെടുത്തു. മണിക്കുറുകൾക്കുള്ളിൽ പ്രണവ് എന്ന യുവാവ് പിടിയിലായി. മാരക ആയുധമല്ലാത്തതിനാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. ഇന്ന് രാവിലെ ജാമ്യം കിട്ടിയെങ്കിലും വൈറലായ വീഡിയോ കണ്ട് ശാസ്താം കോട്ട പൊലീസെത്തി. കഴിഞ്ഞ മാർച്ച് 30 ന് ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പ്രണവ് ഒളിവിലായിരുന്നു. കല്ലടയിൽ ഗാനമേള കാണാൻ പോയ യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് ആയിരുന്നു കേസ്. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രണവിനെ അടുത്ത നിമിഷം തന്നെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam