വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെയും മക്കളെയും നടുറോഡിൽ വെച്ച് ക്രൂരമായി ആക്രമിച്ച കറുകച്ചാൽ സ്വദേശിയെ കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം കാരണം ഭാര്യയെയും മക്കളെയും നടുറോഡിൽ ക്രൂരമായി ആക്രമിച്ചയാൾ പിടിയിൽ. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി മനോജ് (43) നെ ആണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മനോജ് ഭാര്യയെയും മൂന്നു മക്കളെയും മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതു പതിവായിരുന്നു. തുടർന്ന് ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം. ഉപദ്രവം സഹിക്കാൻ കഴിയാതെ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ബൈക്കിൽ എത്തിയ പ്രതി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചത്.
മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസെടുത്ത കീഴ്വായ്പൂർ പൊലീസ് ബുധനാഴ്ച രാവിലെ കറുകച്ചാലിനു സമീപത്ത് വെച്ച് പ്രതിയെ കണ്ടെത്തി. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കീഴ്വായ്പൂർ പൊലീസ് ഇൻസ്പെക്ടർ അജീബ് ഇ , എസ്ഐ മാരായ അനീഷ് ടി , ഷാൻ എൻ എസ് , സിപിഒ മാരായ സന്തോഷ് , അമൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
