
ഇടുക്കി: വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു.വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുന്നു.
ഇടുക്കി വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ആമ്പക്കാട്ട് ഭാസ്കരൻറെ മൂത്ത മകളുടെ ഭർത്താവായ പണിക്കൻകുടി സ്വദേശി സുധീഷ് വൈകിട്ട് നാലു മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. ഭാര്യ രജിതയുമായി സുധീഷ് വഴക്കുണ്ടാക്കി. കഴുത്തിൽ കുത്തിപ്പിടിച്ചപ്പോൾ മാതാപിതാക്കൾ രക്ഷിക്കാനായെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന ഗർഭിണിയായ ഇളയ മകളെയും മാതാപിതാക്കൾ പുറത്തേക്കയച്ചു. ഇതോടെ ഭാസ്കരനേയും രാജമ്മയേയും സുധീഷ് കോടാലി കൊണ്ടടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
മുരിക്കാശേരിയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ രജിത വർഷങ്ങളായി വാത്തിക്കുടിയിലെ സ്വന്തം വീട്ടിൽ നിന്നാണ് ജോലിക്ക് പോകുന്നത്. സാമ്പത്തിക വിഷയങ്ങളാണ് വഴക്കിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റി. മുരിക്കാശേരി പോലീസെത്തി രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പ്രതി സുധീഷിനു വേണ്ടിയിട്ടുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പൂർണ ഗർഭിണിയായ ഇളയ മകൾ സുനിതയെ അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെയാണ് രാജമ്മയുടെ മരണം.