നായയെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം അട്ടഹാസം; വൈറല്‍ വീഡിയോയിലെ യുവാവിനെതിരെ പ്രതിഷേധം കനക്കുന്നു

By Web TeamFirst Published Sep 14, 2020, 9:13 AM IST
Highlights

ഭോപ്പാലിലെ അതിക്രൂര സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സജീവമായിരിക്കുകയാണ്

ഭോപ്പാല്‍: തെരുവ് നായയെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം വീഡിയോയില്‍ നോക്കി അട്ടഹസിച്ച് യുവാവിന്‍റെ ക്രൂരത. ഭോപ്പാലിലെ അതിക്രൂര സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സജീവമായിരിക്കുകയാണ്. സ്റ്റുഡിയോ ജീവനക്കാരനായ സല്‍മാന്‍ ഖാനാണ്(29) കേസിലെ പ്രതിയെന്ന് ശ്യാമള ഹില്‍ പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. 

ശ്യാമള ഹില്ലിലെ ബോട്ട് ക്ലബിന് സമീപത്തു വച്ച് രാത്രിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നായയെ കയ്യിലെടുത്തതിന് ശേഷം തടാകത്തിലേക്ക് ഇയാള്‍ വലിച്ചെറിയുകയായിരുന്നു. ശേഷം ക്യാമറ നോക്കി ചിരിക്കുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ വ്യക്തം. സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ലെന്ന് ശ്യാമള ഹില്‍ പൊലീസ് പ്രതികരിച്ചു. വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് ആരെന്നും നായ ജീവനോടെയുണ്ടോ എന്ന കാര്യവും പൊലീസിന് കണ്ടെത്താനായിട്ടില്ല. 

ഐപിസി 429 വകുപ്പും മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് സല്‍മാന്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃഗങ്ങള്‍ക്കെതിരെ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളയാളാണ് സല്‍മാന്‍ എന്ന് പൊലീസ് പറയുന്നു. എന്നാല്‍ വീഡിയോ ഏറെപ്പഴയതാണ് എന്നാണ് ചോദ്യം ചെയ്‌തപ്പോള്‍ ഇയാളുടെ സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിഐജി വ്യക്തമാക്കി. ശ്യാമള ഹില്ലിലെ ഒരു താമസക്കാരിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവത്തില്‍ പരാതി നല്‍കിയത്. 

നായയെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞയാള്‍ക്കും വീഡിയോ പകര്‍ത്തിയ ആള്‍ക്കുമെതിരെ കനത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭേപ്പാലിലെ ഒരു വിദ്യാര്‍ഥി ജില്ല കളക്‌ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ദാരുണ സംഭവത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം തുടരുകയാണ്. 

പഠിക്കാന്‍ അനുവദിച്ചില്ല, പെണ്‍കുട്ടി ജീവനൊടുക്കി; മകള്‍ മരിച്ചിട്ടും തീരാതെ പിതാവിന്‍റെ ക്രൂരത

click me!