മൊറാദാബാദ്: അച്ഛന്‍ പഠിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മരണശേഷം മകളുടെ മൃതദേഹം പിതാവ് കത്തിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഒരു പെണ്‍കുട്ടി വിഷം കഴിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് മൊറാദാബാദ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. അവിടെയെത്തിയപ്പോള്‍ കണ്ടത് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിയ നിലയിലായിരുന്നു. ഇതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തായി. പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പിതാവായ കപില്‍ കുമാര്‍ തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി മൊറാദാബാദ് എസ്‌പി അമിത് ആനന്ദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

മകള്‍ വിഷം കഴിച്ചതായി ഞായറാഴ്‌ച കപില്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ബന്ധുക്കള്‍ കണ്ടത് കപില്‍ മകളുടെ മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതും. ഇതോടെയാണ് അവര്‍ വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമെന്നുറപ്പായതോടെ കപില്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഐപിസി 306,201 വകുപ്പുകള്‍ പ്രകാരമാണ് കപില്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.  

കമറുദ്ദീൻ എംഎൽഎക്കെതിരായ ജ്വല്ലറി നിക്ഷേപതട്ടിപ്പ്: ക്രൈം ബ്രാഞ്ച് സംഘം കാസര്‍കോട്, രാജിയാവശ്യപ്പെട്ട് സിപിഎം