മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മതിയായ രേഖകളില്ലാതെ കടത്തിയ സ്വര്‍ണ്ണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 20, 2023, 12:38 PM IST
Highlights

ചെക്പോസ്റ്റ് എക്സൈസ് സംഘവും എക്സൈസ് ഇന്‍റലിജന്‍സ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. 

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ചെക് പോസ്റ്റ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ കോഴിക്കോട് കോട്ടൂളി കുതരിവട്ടം ശ്രുതിയില്‍ ആതിഥ്യ വിനയ് ജാഥവ് (19) എന്നയാള്‍ കസ്റ്റഡിയില്‍. ചെക്പോസ്റ്റ് എക്സൈസ് സംഘവും എക്സൈസ് ഇന്‍റലിജന്‍സ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ നടത്തിയ പരിശോധനയിലാണ്  സ്വർണ്ണം കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണവും കസ്റ്റഡിയിലായ യുവാവിനെയും തുടര്‍നടപടികള്‍ക്കായി  ജി എസ് ടി എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍ക്ക് കൈമാറി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി  ഷറഫുദ്ദീന്‍, ഇന്‍സ്പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം രാജേഷ്, കെ അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ, എന്‍ എസ് ശ്രീജിന, കെ എം സിതാര, ഒ ഷാഫി, അനില്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. 

ഇതിനിടെ കോഴിക്കോട് യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചു. മേപ്പയൂർ കാരയാട് പാറപുറത്തുമ്മൽ ഷഫീഖി(36)നെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി താമരശ്ശേരിയിലെ ഒരു ലോഡ്ജിൽ എത്തിച്ച് മർദിച്ച കേസിലെ പ്രതികളാണ് വിദേശത്തേക്ക് കടന്നത്. കേസിലെ പ്രതികളായ ചാത്തമംഗലം പുളാവൂർ മാക്കിൽ മുഹമ്മദ് ഉവൈസ്(23), ചുള്ളാവൂർ പിലാതോട്ടത്തിൽ റഹീസ്(23), കൊടുവള്ളി വലിയപറമ്പ് മീത്തലെ പന ക്കോട് മുഹമ്മദ് സഹൽ (25), എകരൂൽ എസ്റ്റേറ്റ് മുക്ക് പുതിയാടൻകണ്ടി ആദിൽ (24) എന്നിവരാണ് വിദേശത്തേക്ക് കടന്നതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫ് പറഞ്ഞു.

കഴിഞ്ഞ 12ന് നെടുമ്പോശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ബഹ്റൈനിലേക്ക് ഇവർ കടന്നതായാണ് പോലീസ് പറയുന്നത്. ബഹ്റൈനിൽ നിന്ന് 9ന് വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഷഫീഖിന്‍റെ പക്കൽ കൊടുത്തു വിട്ട ഒരു കിലോയോളം സ്വർണം തിരികെ നൽകാത്തതിനെ തുടർന്നാണ് ഇയാളെ തട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസിന്‍റെ സംശയം. തട്ടികൊണ്ട് പോകവെ കൊടുവള്ളിക്ക് അടുത്ത് വെച്ച് ഭക്ഷണം കഴിക്കാൻ പ്രതികളെല്ലാവരും ഒരു ഹോട്ടലിലേക്ക് പോകവെ ഷെഫീഖ് ഒരു കടയിലേക്ക് ഓടികയറി രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംഘം സ്ഥലത്ത് നിന്നും  രക്ഷപ്പെട്ടു. തുടര്‍ന്നാണ് യുവാവ് പൊലീസിനെ വിവരം അറിയിക്കുന്നത്.  

കൂടുതല്‍ വായനയ്ക്ക്: ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവൻ പേരെയും ഒറ്റ രാത്രി കൊണ്ട് മാറ്റി

click me!