ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ കാണാൻ പോയ യുവതിക്ക് ദാരുണാന്ത്യം; ആ അരും‌കൊലയ്ക്ക് പിന്നിൽ സംഭവിച്ചത്!

By Web TeamFirst Published Feb 22, 2020, 12:19 PM IST
Highlights

2018 ഡിസംബറിലാണ് ന്യൂസിലൻഡിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 22-ാം പിറന്നാൾ‌ ദിനത്തിലാണ് ഗ്രേസ് മിലാന്‍ എന്ന കോളേജ് വിദ്യാർഥിനിയെ ന്യൂസിലന്‍ഡില്‍വച്ച് കാണാതാവുന്നത്. ഓൺലൈൻ ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ പുറപ്പെട്ടതായിരുന്നു ഗ്രേസ്.

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ ഇരുപത്തിരണ്ടുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം. രണ്ടുവർഷം മുമ്പ് നടന്ന കേസിലാണ് കോടതിവിധി. പതിനൊന്ന് വർഷമാണ് ജീവപര്യന്തം ശിക്ഷയുടെ കാലയളവ്. എന്നാൽ അതിക്രൂരമായി യുവതിയെ കൊലപ്പെടുത്തിയ പ്രതിക്ക് 17 വര്‍ഷത്തെ ഇടവേളയില്ലാത്ത തടവാണ് ന്യൂസിലൻഡിലെ ഓക്ക്ലാൻഡ് കോടതി വിധിച്ചത്. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2018 ഡിസംബറിലാണ് ന്യൂസിലൻഡിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 22-ാം പിറന്നാൾ‌ ദിനത്തിലാണ് ഗ്രേസ് മിലാന്‍ എന്ന കോളേജ് വിദ്യാർഥിനിയെ ന്യൂസിലൻഡില്‍വച്ച് കാണാതാവുന്നത്. ഓൺലൈൻ ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ പുറപ്പെട്ടതായിരുന്നു ഗ്രേസ്. സര്‍വകലാശലയില്‍നിന്ന് ബിരുദം നേടിയതിനുശേഷം ലോകപര്യടനം നടത്തുകയായിരുന്നു അവർ. ഇതിനിടെയാണ് ​ഗ്രേസ് ന്യൂസിലൻഡില്‍ എത്തുന്നത്. മരിക്കുന്ന ദിവസം വൈകിട്ടാണ് ഗ്രേസ് തന്റെ കൊലയാളിയെ പരിചയപ്പെടുന്നത്. അന്നേദിവസം ഇരുവരും ഏതാനും ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. തുടർന്ന് വൈകിട്ടോടുകൂടി ​ഗ്രേസ് യുവാവിനൊപ്പം അയാളുടെ ഫ്ലാറ്റിലേക്ക് പോയി. ഇവിടെവച്ചായിരുന്നു യുവാവ് ​മിലാനെ അതിക്രൂരമായി കൊലപ്പടുത്തിയത്.

യുവതിയുടെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു യുവാവിന്റെ തുടക്കത്തിലെ നിലപാട്. എന്നാൽ, സെക്സ് ഗെയിമില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി യാദൃഛികമായി കൊല്ലപ്പെടുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പക്ഷെ, നവംബറിൽ കേസ് കോടതിയില്‍ വന്നപ്പോള്‍ ജൂറി ഏകകണ്ഠമായി ആ മൊഴി തള്ളിക്കളഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണയ്ക്കൊടുവിലായിരുന്നു യുവാവിന്റെ മൊഴി കോടതി തള്ളിയത്. പ്രതിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ജഡ്ജി സൈമണ്‍ മൂര്‍ അന്നുതന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ, കൊലപാതകക്കുറ്റത്തിന് ശിക്ഷ ലഭിച്ചിട്ടും പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തതിന്റെ കാരണമെന്താണെന്ന് കോടതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

യുവതി കൊല്ലപ്പെട്ടതിനുശേഷവും യുവാവിന്റെ പെരുമാറ്റത്തില്‍ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് ജഡ്ജി സൈമണ്‍ മൂര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.‌ സംഭവത്തിനുശേഷം മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് തുടരുകയും ഡേറ്റിങ് സൈറ്റിലൂടെ മറ്റൊരു ഇരയെ കണ്ടെത്താനുള്ള പരിശ്രമവും പ്രതി തുടങ്ങിയിരുന്നതായി കോടതി പറ‍ഞ്ഞു. പരിചയമില്ലാത്ത നഗരത്തില്‍ വന്ന യുവതി ഒരു അപരിചിതനെ പൂര്‍ണമായി വിശ്വസിച്ചിട്ടും യുവാവിന് ആ വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

മിലാന്റെ കുടുംബാ​ഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. ബ്രിട്ടനിൽനിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഗ്രേസിന്റെ അമ്മയും സഹോദരനും കോടതിയിൽ സംസാരിച്ചത്. ഗ്രേസ് തന്റെ മകൾ മാത്രമല്ല. ഉറ്റച്ചങ്ങാതി കൂടിയായിരുന്നു. എനിക്കെന്റെ ഉറ്റച്ചങ്ങാതിയെ നഷ്ടമായി. ഒരുപാട് സ്വപ്നങ്ങളുള്ള പെൺകുട്ടിയുടെ ജീവതമാണ് നിങ്ങൾ തകർത്തത്. എന്റെ കണ്ണീർ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നും ​ഗ്രേസിന്റെ അമ്മ ​ഗില്ലിയാൻ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി കൊടുക്കുമ്പോഴും മിലന്റെ അമ്മ മകളുടെ ചിത്രം നെഞ്ചോടു ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു.

കേസിന്റെ വിചാരണ ന്യൂസിലന്‍ഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരയെ ക്രൂരമായി വിചാരണ ചെയ്തതാണ് വിവാദത്തിനു കാരണമായത്. മിലാന്റെ വഴിവിട്ട ലൈംഗിക താല്‍പര്യങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു വിചാരണയില്‍ എതിര്‍ഭാഗത്തിന്റെ വാദം. ഇതിനെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. അതേസമയം, യാത്രയ്ക്കും മറ്റും സ്ത്രീകള്‍ക്ക് പൊതുവെ സുരക്ഷിതമായ രാജ്യങ്ങളിലൊന്നായാണ് ന്യൂസിലന്‍ഡ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍, എല്ലാ സുരക്ഷാ ധാരണയെയും തകിടം മറിക്കുന്നതായിരുന്നു ​ഗ്രേസിന്റെ കൊലപാതകം.   

 
 

click me!