കണ്ണൂർ: കോതമംഗലത്ത് ഡെന്‍റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കൊല്ലാനുള്ള തോക്ക് ബിഹാറിൽ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണെന്നും മാനസയുടെ വീട് സന്ദർശിച്ച മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ബിഹാറിലെ ഗ്രാമാന്തരങ്ങളിലൂടെ തോക്ക് ലഭിക്കാൻ പലയിടങ്ങളിലും രഖിൽ അലഞ്ഞു. തന്‍റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രഖിൽ ബിഹാറിലേക്ക് പോയത്. ഇരുപതാം തീയതി നാട്ടിൽ തിരിച്ചെത്തിയ രഖിൽ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. പിന്നീടായിരുന്നു അരുംകൊല.
തോക്ക് വാങ്ങുന്നതിൽ രഖിലിന്‍റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് രഖിൽ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നോ എന്നാണ് പൊലീസ് ഇപ്പോഴന്വേഷിക്കുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാൻ എന്ന പേരിലാണ് ഇന്‍റീരിയർ ഡിസൈനർ കൂടിയായ രഖിൽ ട്രെയിൻ വഴി ബിഹാറിലേക്ക് പോകുന്നത്. സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു ഇതരസംസ്ഥാനത്തൊഴിലാളി നൽകിയ വിവരം വഴിയായിരുന്നു. ബിഹാറിൽ തോക്ക് കിട്ടുമെന്ന് രഖിലിനോട് പറഞ്ഞത് ഈ ഇതരസംസ്ഥാനത്തൊഴിലാളിയാണ്. ഇക്കാര്യം അന്വേഷിക്കാനും രഖിൽ തോക്ക് വാങ്ങിയതെവിടെ നിന്ന് എന്ന് സ്ഥിരീകരിക്കാനും കേരളാ പൊലീസ് ബിഹാറിലേക്ക് പോകും.
ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രഖിലിന്‍റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.
ഏഴ് തിരകൾ ഉതിർക്കാവുന്ന 7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് രഖിൽ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിക്കുന്നത്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണ്. ഇനി അറിയേണ്ടത് തീവ്രതയേറിയ തോക്ക് എങ്ങനെ, എവിടെ നിന്ന് രഖിലിന് ലഭിച്ചു എന്നതാണ്.
അതേസമയം, മാനസയുടെയും രഖിലിന്‍റെയും മൃതദേഹങ്ങൾ കണ്ണൂരിൽ സംസ്കരിച്ചു. മാനസയുടെ മൃതദേഹം കണ്ണൂർ നാറാത്തെ വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് ഉണ്ടായത്. അച്ഛനും അമ്മയും മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരഞ്ഞു. പിന്നീട് മന്ത്രി എം വി ഗോവിന്ദൻ അടക്കമുള്ളവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു.
കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് ഇന്നലെ രാത്രിയോടെ മാനസയുടെ മൃതദേഹം എത്തിച്ചത്. രാവിലെയോടെ പയ്യാമ്പലം ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കാരം. അതേസമയം, രഖിലിന്‍റെ മൃതദേഹം മേലൂരിലെ വീട്ടിൽ എത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു രഖിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അരാവിലെ പിണറായിയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam