ഗുരുവായൂരിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകം; എൻഡിഎഫ് പ്രവര്‍ത്തകന് ജീവപര്യന്തം തടവ്

By Web TeamFirst Published Mar 12, 2021, 11:31 PM IST
Highlights

സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. 2004 ജൂണ്‍ 12 നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി ഖലീല്‍ ഒമ്പത് കേസുകളില്‍ പ്രതിയാണ്. 

തൃശ്ശൂർ: ഗുരുവായൂരിലെ യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലപാതകക്കേസിൽ ഒന്നാംപ്രതിയായ എൻഡിഎഫ് പ്രവര്‍ത്തകൻ ഖലീലിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി.

2004 ജൂണ്‍ 12 നാണ് കേസിനാസ്പദമായ സംഭവം. പേരാമംഗലത്ത് നടന്ന ആര്‍എസ്എസ് ശിബിരത്തിലേക്ക് അതിക്രമിച്ച് കയറി രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന് രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിൻ്റെ വിരോധമാണ് മണികണ്ഠനെ കൊലപ്പെടുത്തിലെത്തിച്ചത്. പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒന്നാം പ്രതി ഖലീലും, രണ്ടാം പ്രതി നസറുള്ളയും മണികണ്ഠനെ കത്തി കൊണ്ട് കുത്തിയും, വാളു കൊണ്ടും വെട്ടിയും ഗുരുതരമായി പരിക്കേല്പിച്ച് കൊലപ്പെടുത്തുകുയായിരുന്നു. കൂടെയുണ്ടായിരുന്ന ഒന്നാം സാക്ഷി പ്രസാദ് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒന്നാം പ്രതി ഖലീല്‍ ഒമ്പത് കേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി നസറുള്ള ഒളിവിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. എന്‍ഡിഎഫ് പ്രവര്‍ത്തകരായ ഷമീര്‍, അബ്ദുള്‍ മജീദ്, ജാഫര്‍, റജീബ് ലിറാര്‍, റ ഫീഖ് മജീദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം നടത്തണമെന്ന മണികണ്ഠന്റെ സഹോദരൻ്റെ ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ദൃക്സാക്ഷിയെ കോടതിമുറിയില്‍ വെച്ച് വെട്ടികൊലപ്പെടുത്തുമെന്ന് പ്രതികളുടെ അനുകൂലികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സാക്ഷികള്‍ക്ക് കനത്ത സുരക്ഷയാണ് വിചാരണക്കിടയില്‍ ഒരുക്കിയിരുന്നത്.

click me!