
കാസർകോട്: എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി മുൻ ജനറൽ മാനേജരുടെ നിർണായക വെളിപ്പെടുത്തൽ. 2013ന് ശേഷം നിക്ഷേപകരുമായുണ്ടാക്കിയ കരാറുകളെല്ലാം നിയമവിരുദ്ധമാണെന്ന് ജനറൽ മാനേജർ സൈനുലാബുദ്ദീൻ പറയുന്നു. നിയമ പ്രശ്നങ്ങളെല്ലാം എംഎൽഎ അടക്കമുള്ള കമ്പനി മേധാവികളെ അറിയിച്ചെങ്കിലും ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് പറഞ്ഞതെന്നും സൈനുലാബുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കച്ചവടം കുറഞ്ഞ് 2014 മുതൽ ഫാഷൻ ഗോൾഡ് ജ്വല്ലറി നഷ്ടത്തിലായിരുന്നു. നോട്ട് നിരോധനത്തോടെ തകർച്ച പൂർണമായി. നഷ്ടത്തിലായ ശേഷവും കമറുദ്ദീൻ എംഎൽഎ അടക്കമുള്ളവർ നിരവധി പേരിൽ നിന്ന് നിക്ഷേപം വാങ്ങിയെന്നും ഭൂരിഭാഗം കരാറുകളും നിയമവിരുദ്ധമാണെന്നും മുൻ ജനറൽ മാനേജർ വെളിപ്പെടുത്തുന്നു.
നിയമപ്രശ്നങ്ങളടക്കം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചെവിക്കൊണ്ടില്ലെന്നും സൈനുലാബുദ്ദീൻ പറയുന്നു. അതിനിടെ തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് പേരുടെ പരാതികളിൽ എംഎൽഎക്കെതിരെ ചന്ദേര പൊലീസ് രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. രണ്ട് പേരിൽ നിന്നായി 23 ലക്ഷം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ഇതോടെ എംഎൽഎക്കെതിരെ 53 വഞ്ചന കേസുകളായി. ഈ കേസുകളെല്ലാം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam