സിപിഐ ലോക്കൽ നേതാവ് കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണി; എക്സൈസ് വിരിച്ച വലയിൽ കൃത്യമായി വീണു, അറസ്റ്റ്

By Web TeamFirst Published Sep 10, 2022, 6:32 AM IST
Highlights

കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കേസ് ഇയാൾക്കെതിരെയുണ്ട്. വലിയ അളവിൽ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നൽകിയതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അടൂര്‍ എക്സൈസ്

പത്തനംതിട്ട അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പിടിയിൽ. കൊടുമൺ സ്വദേശി
ജിതിൻ മോഹനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ജിതിൻ മോഹൻ. അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായ ജിതിൻ. ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിൽ കഞ്ചാവ് കണ്ടെത്തിയത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപെട്ടു. ഇവര്‍ യാത്ര ചെയ്ത ആൾട്ടോ കാർ എക്സൈസ് പിടിച്ചെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതിനെന്ന് എക്സൈസ് അറിയിച്ചു. കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കേസ് ഇയാൾക്കെതിരെയുണ്ട്. വലിയ അളവിൽ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നൽകിയതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അടൂര്‍ എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ ബിജു എൻ ബേബി പറഞ്ഞു.

കഴിഞ്ഞ ദിവസം  തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായിരുന്നു. ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്. ട്രെയിനുകളിലായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഇവിടെയെത്തിച്ച് ചെറു പൊതികളാക്കി വിൽക്കുകയായിരുന്നു പതിവ്. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇതിനിടെ പാലക്കാട് ചാലിശ്ശേരി കുന്നത്തേരിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണമെന്ന് പരാതി ഉയർന്നു. ഇരുപത് അംഗ സംഘം കുന്നത്തേരി സ്വദേശി ശരത്തിൻ്റെ വീട് കയറി ആക്രമിച്ചെന്നാണ് ആരോപണം. ശരത്തിൻ്റെ സുഹൃത്തുക്കളായ, നിമേഷ് , ജിഷ്ണു, ലമ്മീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ, നിമേഷ് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. അക്രമികളിൽ ചിലർ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് മർദനമേറ്റവർ പറഞ്ഞത്. മൂവരും ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാൽ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. 

click me!