
പനാജി : ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധമായ വടക്കൻ ഗോവയിലെ കേർലീസ് റസ്റ്റോറന്‍റ് ഭാഗികമായി പൊളിച്ച് ഗോവാ സർക്കാർ. രാവിലെ തുടങ്ങിയ പൊളിക്കൽ നടപടി സുപ്രീംകോടതി സ്റ്റേ വന്നതോടെ ഉച്ചയോടെ നിർത്തി വച്ചു. തീരദേശ സംരക്ഷണ നിയമത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു പൊളിച്ച് നീക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോയത്.
രാവിലെ 7.30 ഓടെയാണ് വൻ പൊലീസ് സഹായത്തോടെ അൻജുനയിലെ കേർലീസ് റസ്റ്റോറന്‍റ് പൊളിക്കാൻ ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രങ്ങളടക്കം എത്തിച്ചായിരുന്നു നടപടി. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 2016 ൽ തന്നെ റസ്റ്റോറന്‍റ് പൊളിക്കാൻ ഉത്തരവുള്ളതാണ്. ഗോവാ കോസ്റ്റൽ സോൺ മാനേജ്മെന്‍ന്‍റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ ഉടമകൾ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഇളവ് ലഭിച്ചിരുന്നില്ല.
പൊളിക്കൽ തുടങ്ങിയ ശേഷം 11.30 ഓടെയാണ് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചത്. ഒരു തീർപ്പ് ഉണ്ടാവും വരെ റസ്റ്റോറന്‍റ് പ്രവർത്തിക്കരുതെന്നാണ് വ്യവസ്ഥ. ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ ദുരൂഹമരണത്തിലും അന്വേഷണം നേരിടുന്ന സ്ഥാപനമാണ് കേർലീസ് റസ്റ്റോറന്‍റ്. സൊനാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് റസ്റ്റോറന്‍റിൽ വച്ച് ലഹരി പാർട്ടി നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സൊനാലിയെ പേഴ്സണൽ അസിസ്റ്റന്‍റ് ലഹരി പാനീയം നിർബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങളും ലോകം കണ്ടു. തുടർന്ന് പേഴ്സണൽ അസിസ്റ്റന്‍റും റസ്റ്റോറന്‍റ് ഉടമയുമെല്ലാം അറസ്റ്റിലായി. ഇവിടെ നിന്ന് പൊലീസ് ലഹരി മരുന്ന് പിടികൂടുകയും ചെയ്തിരുന്നു. 2008 ൽ ഒരു ബ്രിട്ടീഷ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ടും റസ്റ്റോറന്‍റിനെതിരെ കേസെടുത്തിരുന്നു.
READ MORE പാനീയത്തിൽ കലർത്തി നൽകിയതെന്ത്? സൊനാലി ഫോഗട്ട് കേസന്വേഷണം സിബിഐക്ക് കൈമാറിയേക്കും