മുഖംമൂടി ധരിച്ച കവർച്ച സംഘം; ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടു പോയി ഒന്നരകോടി കവര്‍ന്നെന്ന് പരാതി

By Web TeamFirst Published May 30, 2023, 10:24 PM IST
Highlights

കേരളത്തിലേയ്ക്ക് സ്വർണമെടുക്കാനായി പോകുമ്പോൾ കവർച്ചാസംഘം പിന്തുടർന്നെത്തി തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി

ചെന്നൈ : തമിഴ്നാട് തിരുനെൽവേലിയിൽ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടു പോയി ഒന്നരകോടി രൂപ കവർന്നു. കേരളത്തിലേയ്ക്ക് സ്വർണമെടുക്കാനായി പോകുമ്പോൾ കവർച്ചാസംഘം പിന്തുടർന്നെത്തി തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി. തിരുനെൽവേലിയിൽ ജ്വല്ലറി നടത്തുന്ന സുശാന്താണ് കവർച്ചക്കിരയായത്.

ഇന്ന് രാവിലെ തിരുനെൽവേലിയിൽ നിന്നും സ്വർണമെടുക്കാൻ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലേയ്ക്ക് വരികയായിരുന്നു സുശാന്ത്. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ മുഖംമൂടി ധരിച്ച കവർച്ചാ സംഘം നാങ്കുനേരിയിൽ വച്ച് കാർ തടഞ്ഞുനിർത്തി. ചില്ല് തകർത്തശേഷം മുളകുപൊടി, പെപ്പർ സ്പ്രേഎന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. 

ഈ സമയം അതുവഴി വന്ന സ്വകാര്യ ബസ് ഡ്രൈവർ ഇതുകണ്ട് വണ്ടി നിർത്തിയതോടെ കവർച്ചാസംഘം സ്വന്തം വാഹനങ്ങളുപേക്ഷിച്ച് സുശാന്തിന്റെ കാറിൽ കയറി ഓടിച്ചുപോവുകയായിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം പണവും കവർന്ന് തന്നെ വഴിയിൽ ഇറക്കിവിട്ടെന്നാണ് സുശാന്തിന്റെ മൊഴി. അതിനുശേഷം കാർ നെടുങ്കുളത്ത് തടാകകരയിൽ ഉപേക്ഷിച്ചു. സുശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാങ്കുനേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ സുശാന്തിന്റെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

സംഭവം നടന്നതായി പറയുന്നതിന്റെ തൊട്ടടുത്തുള്ള ടോൾ ബൂത്തിലെ സിസിടിവി കാമറയിൽ കവർച്ചക്കാർ കാറുമായി കടക്കുന്ന ദൃശ്യമില്ല. ടോൾ ഗേറ്റിൽ എത്തുന്നതിന് മുൻപെ ഇടവഴി കയറി, നെടുങ്കുളത്തേയ്ക്ക് പോകുകയായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. കൊള്ളയടിക്കപ്പെട്ട പണം സംബന്ധിച്ച് സുശാന്ത് നൽകിയവിവരങ്ങളും കൃത്യമല്ല. കള്ളപ്പണ ഇടപാടിന്മേലുള്ള തർക്കമാണോ കുറ്റകൃത്യത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

click me!