
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ. പീഡനത്തിന് ഇരയായ പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്.
ബന്ധുവായ സ്ത്രീയോടൊപ്പം പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അലോക് മിശ്ര അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കർശന സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam