അനുകരിച്ചത് പുഷ്പരാജിനെ; യുവാവിനെ കുത്തിക്കൊന്ന് കുട്ടികൾ, കുപ്രസിദ്ധി നേടാൻ ആ​ഗ്രഹം

By Web TeamFirst Published Jan 22, 2022, 6:42 PM IST
Highlights

പുഷ്പ പോലുള്ള സിനിമകൾ കണ്ട് അനുകരിച്ച കുട്ടികൾ ഇരുപത്തിനാലുകാരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ കൊല്ലുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാനും അതുവഴി കുപ്രസിദ്ധി നേടാനുമാണ് കുട്ടികൾ ഈ കൊലപാതകം നടത്തിയത്.

ദില്ലി: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ അടക്കമുള്ള  ഗാങ്സ്റ്റര്‍ ചിത്രങ്ങൾ കണ്ട പ്രേരണയിൽ കൊലപാതകം നടത്തി ആൺകുട്ടികൾ. രാജ്യതലസ്ഥാനത്ത് ജഹാംഗീര്‍പുരി മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പുഷ്പ പോലുള്ള സിനിമകൾ കണ്ട് അനുകരിച്ച കുട്ടികൾ ഇരുപത്തിനാലുകാരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

യുവാവിനെ കൊല്ലുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാനും അതുവഴി കുപ്രസിദ്ധി നേടാനുമാണ് കുട്ടികൾ ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഷിബു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ, അല്ലു അർജുൻ നായകനായെത്തിയ സുകുമാർ ചിത്രം പുഷ്പ ഹിന്ദിയിൽ ഉൾപ്പെ‌ടെ വലിയ വിജയമായി മാറിയിരുന്നു.

ഒരു കടയിലായിരുന്നു കൊല്ലപ്പെട്ട ഷിബു ജോലി ചെയ്തിരുന്നത്. മൂന്ന് ആൺകുട്ടികൾ ചേർന്ന് ക്രൂര കൊലപാതകം നടത്തുന്നതിന്റെ വീ‍ഡിയോ സിസിടിവിയിൽ പതിഞ്ഞതാണ് കേസിൽ നിർണായകമായത്. സ്വന്തമായി ബദ്നാം സംഘം എന്ന് വിളിച്ചിരുന്ന കുട്ടികൾ ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി ആകൃഷ്ടരായിരുന്നുവെന്ന് മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. 

പിഞ്ചു മകളോട് ക്രൂരത; പോക്സോ കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ് 

 പോക്‌സോ കേസിലെ പ്രതിയെ അതിജീവിച്ച പെൺകുട്ടിയു‌ടെ പിതാവ് കോടതിക്ക് കോടതിക്ക് സമീപത്ത് വച്ച് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ബിഹാര്‍ മുസാഫർപുർ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതിക്ക് സമീപം വച്ചാണ് കൊലപാതകം നടന്നത്.

നേരത്തെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാൾ പെൺകുട്ടിയുടെ വീടിന് സമീപം സൈക്കിൾ പഞ്ചർ ഷോപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്നുള്ള പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മാര്‍ച്ച് 12ന് ഹൈദരാബാദിൽ നിന്നാണ് ദിൽഷാദിനെ പിടികൂടുന്നത്.

പിന്നീട് ജാമ്യം ലഭിച്ച പ്രതി കഴിഞ്ഞ ദിവസം പോക്സോ കേസിന്റെ വിചാരണ നടപടികൾക്ക് വേണ്ടിയാണ് കോടതിയിലെത്തിയത്. പെൺകുട്ടിയുടെ പിതാവും കോടതിയിൽ എത്തിയിരുന്നു. പ്രതിയെ കോടതിയുടെ ​ഗേറ്റിന് പുറത്ത് വച്ച് കണ്ട പെൺകുട്ടിയുടെ പിതാവ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കോടതി ​ഗേറ്റിന് സമീപം നിൽക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

ദില്‍ഷാദ് ഹുസൈനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, കോടതി പരിസരത്തെ പൊലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകർ പ്രതിഷേധിച്ചു. നടപടികൾ സ്വീകരിക്കുമെന്ന് എഡിജിപി അഖിൽ കുമാർ ഉറപ്പ് നൽകിയതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. 

click me!