
ഭോപ്പാൽ: കാമുകൻ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ മോഡലും ഇൻഫ്ലുവൻസറുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് തിങ്കളാഴ്ച പുലർച്ചെ 27 കാരിയായ മോഡൽ ഖുഷ്ബു അഹിർവാറിനെ കാമുകൻ ഉപേക്ഷിച്ചത്. ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി പ്രഖ്യാപിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് മജിസ്ട്രേറ്റ് മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലേക്ക് അയച്ചു. മകൾ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി അഹിർവാർ രംഗത്തെത്തി.
അവളുടെ ദേഹമാസകലം നീല നിറത്തിലുള്ള പാടുകൾ ഉണ്ട്. അവളുടെ മുഖം വീർത്തിരിക്കുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. എന്റെ മകളെ ക്രൂരമായി മർദ്ദിച്ചു കൊന്നുവെന്ന് അവർ പറഞ്ഞു. ഖുഷ്ബുവിന് നീതിവേണമെന്ന് സഹോദരിയും ആവശ്യപ്പെട്ടു. കുടുംബം പറയുന്നതനുസരിച്ച്, ഖുഷ്ബു ഖാസിം എന്ന വ്യക്തിയുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. പരിക്കേറ്റ ഖുഷ്ബുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചതിനുശേഷം ഇയാൾ അപ്രത്യക്ഷനായി. ദമ്പതികൾ ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുമ്പോൾ ഖുഷ്ബുവിന്റെ ആരോഗ്യനില നില വഷളാകുകയായിരുന്നു.
ദുരന്തത്തിന് മൂന്ന് ദിവസം മുമ്പ്, ഖാസിം ഖുഷ്ബുവിന്റെ അമ്മയെ വിളിച്ചതായി പറയുന്നു. ഞാൻ ഒരു മുസ്ലീമാണ്, നിങ്ങളുടെ മകൾ എന്റെ കൂടെയുണ്ട്. വിഷമിക്കേണ്ട, ഞാൻ അവളെ ഉജ്ജൈനിലേക്ക് കൊണ്ടുപോകുകയാണെന്ന് ഇയാൾ പറഞ്ഞതായി അമ്മ ലക്ഷ്മി പറഞ്ഞു. പിന്നീട് ഖുഷ്ബുവും കുടുംബത്തെ വിളിച്ചു. @DiamondGirl30 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി ഓൺലൈനിൽ അറിയപ്പെടുന്ന ഖുശ്ബു, ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള മോഡലായിരുന്നു. ബിഎ കോഴ്‌സിന്റെ ഒന്നാം വർഷത്തിനുശേഷം പഠനം ഉപേക്ഷിച്ച് ഭോപ്പാലിൽ താമസമാക്കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാസിമിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഖുഷ്ബുവിന്റെ പരിക്കുകളുടെ സ്വഭാവം ആക്രമണത്തിനും ലൈംഗികാതിക്രമത്തിനും സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.