പൊലീസ് കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേക്ക് കാമുകന്‍റെ 17 മിസ്ഡ് കോളുകള്‍

Web Desk   | Asianet News
Published : Feb 19, 2020, 09:55 AM ISTUpdated : Feb 19, 2020, 11:23 AM IST
പൊലീസ് കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേക്ക് കാമുകന്‍റെ 17 മിസ്ഡ് കോളുകള്‍

Synopsis

കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തല്‍ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം എന്ന് അറിയുന്നു. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. 

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്‍റെതായി എത്തിയത് 17 മിസ്ഡ് കോളുകള്‍. അതേസമയം ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. നിര്‍ണ്ണായകമായത് ശരണ്യയും വാരം സ്വദേശിയായ കാമുകനുമായി ശരണ്യ നടത്തി ഓണ്‍ലൈന്‍ ചാറ്റുകളാണ്.

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. 

കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തല്‍ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം എന്ന് അറിയുന്നു. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. 'ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു.

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്‍റെ മൃതദേഹം കഴിഞ്ഞദിവസമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ