കട്ടപ്പനയിൽ എഴുപതുകാരി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല

By Web TeamFirst Published May 10, 2021, 12:01 AM IST
Highlights

കട്ടപ്പനയിൽ എഴുപതുകാരി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലടക്കമുള്ള കാര്യങ്ങൾ മുടങ്ങിയതാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് പൊലീസ് വിശദീകരണം.

ഇടുക്കി: കട്ടപ്പനയിൽ എഴുപതുകാരി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലടക്കമുള്ള കാര്യങ്ങൾ മുടങ്ങിയതാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞമാസം എട്ടിനാണ് കട്ടപ്പന കൊച്ചുതോവാള സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ പ്രതിയെക്കുറിച്ച് ഒരു സൂചന പോലും പൊലീസിന് കിട്ടിയില്ല. ഫോറൻസികും ഡോഗ് സ്ക്വാഡുമെല്ലാം പലകുറി അരിച്ചുപൊറുക്കി. 

നൂറിലധികം പേരെ ചോദ്യം ചെയ്തു. ചിന്നമ്മയുടെ കാണാതായ ആഭരണങ്ങൾ കണ്ടെത്താൻ മെറ്റൽ ഡിക്ടക്ടർ ഉപയോഗിച്ച് വീടും പരിസരവും മുഴുവൻ തെരഞ്ഞു. എന്നാൽ ഒരു തുമ്പ് പോലും കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇനി പ്രതീക്ഷ ഫോറൻസികിന്റെ വിശദമായ റിപ്പോർട്ടിലാണ്. എന്നാൽ അത് ഇനിയും കിട്ടിയിട്ടില്ല. 

കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അന്വേഷണം നിലച്ചമട്ടാണ്. ആളുകളെ ചോദ്യം ചെയ്ചാൻ വിളിപ്പിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നാണ് കട്ടപ്പന ഡിവൈഎസ്പി പറയുന്നത്. ഇപ്പോൾ ചിന്നമ്മയുടെ വീടിന് പരിസരത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് മാത്രമാണ് നടക്കുന്നത്. പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പൊലീസ് അന്വേഷണത്തിൽ സംശയമുണ്ടെന്നും മറ്റേതെങ്കിലും അന്വേഷണസംഘം കേസേറ്റെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!