
തിരുവനന്തപുരം: നെയ്യാർഡാം സ്റ്റേഷനിലെ അധിക്ഷേപത്തിന് പിന്നാലെ പൊലീസിനെതിരെ സമാന പരാതിയുമായി കൂടുതൽ പേർ. വലിയമല സ്റ്റേഷനിലെ പൊലീസുകാർ പിടിച്ചുതളളുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് കരിപ്പൂർ സ്വദേശി വിജയകുമാറിന്റെ പരാതി. വീഡിയോ സഹിതം ഡിജിപിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം,
റിട്ട. സബ് ഇൻസ്പെക്ടറായ വിജയകുമാറിനോടാണ് വലിയമല പൊലീസിന്റെ അതിക്രമം. ആറു മാസം മുമ്പാണ് സംഭവം. അയൽവാസിയും റിട്ട. സബ് ഇൻസ്പെക്ടറുമായ രവീന്ദ്രൻ മരം മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് വലിയമല പൊലീസ് സ്ഥലത്തെത്തിയത്. തുടർന്നുണ്ടായ തർക്കത്തിലാണ് പൊലീസ് വിജയകുമാറിനെ പിടിച്ചു തളളുന്നത്.
ഈ സംഭവത്തെ തുടർന്ന് ഡിജിപിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ വിജയകുമാർ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്നും വിജയകുമാറിനെ ആക്രമിച്ചിട്ടില്ലെന്നുമാണ് വലിയമല പൊലീസിന്റെ വിശദീകരണം.
സംഭവസ്ഥലത്തെത്തിയ പൊലീസിനോട് വിജയകുമാറാണ് മോശമായി പെരുമാറയിതെന്നാണ് വലിയമല പൊലീസ് പറയുന്നത്. വിജയകുമാറിനും മകനുമെതിരായി അന്ന് കേസെടുത്തിരുന്നു. വ്യക്തിവിരോധം മൂലം വിജയകുമാർ മനംപൂർവ്വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് അയൽവാസിയായ രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam