മയക്കുമരുന്നിന് അടിമയായ ഇരുപത്തിരണ്ടുകാരി അമ്മ മൂന്ന് പിഞ്ചുമക്കളെ ശ്വാസം മുട്ടിച്ച് കൊന്നു

By Web TeamFirst Published Jan 22, 2020, 3:48 PM IST
Highlights

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പാട്ടുപാടിയാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നും മൂത്ത കുട്ടികള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇളയ കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇരുപത്തിരണ്ടുകാരിയായ അമ്മ മൊഴി നല്‍കി

അരിസോണ: മയക്കുമരുന്നിന് അടിമയായ ഇരുപത്തിരണ്ടുകാരി അമ്മ  മൂന്ന് പിഞ്ചുമക്കളെ ശ്വാസം മുട്ടിച്ച് കൊന്നു . മൂന്ന് വയസുകാരന്‍ മകനേയും രണ്ടും ഏഴുമാസം പ്രായമുള്ള പെണ്‍കുട്ടികളേയുമാണ് റേച്ചല്‍ ഹെന്‍റ്രിയെന്ന ഇരുപത്തിരണ്ടുകാരി കൊലപ്പെടുത്തിയത്. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സോഫയില്‍ ഉറങ്ങുന്ന നിലയില്‍ കൊണ്ട് കിടത്തിയ ശേഷം ഇവര്‍ തന്നെയാണ് കുഞ്ഞുങ്ങള്‍ അനങ്ങുന്നില്ലെന്ന് പരാതിപ്പെട്ടത്. 

അമേരിക്കയിലെ അരിസോണയിലാണ് സംഭവം. തിങ്കളാഴ്ചയാണ് റേച്ചലിന്‍റെയും ഹെന്‍റ്രിയുടേയും മൂന്നുമക്കളെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ അസ്വഭാവികത തോന്നുവെന്നുമുള്ള ഭര്‍ത്താവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വീട്ടിലെത്തിയ അന്വേഷണ സംഘത്തോട് ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും ഹെന്‍റ്രി വിശദമാക്കി. 

 

വിശദമായ അന്വേഷണത്തില്‍ റേച്ചല്‍ കുറ്റസമ്മതം നടത്തി. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പാട്ടുപാടിയാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. ഏഴുമാസം പ്രായമുള്ള പെണ്‍കുട്ടിയുടെ വായും മൂക്കും വിരലുകള്‍ കൊണ്ട് മൂടിയും മറ്റ് രണ്ട് പേരെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പുകവലിച്ചുകൊണ്ടായിരുന്നു കൊലപാതകമെന്നും മൂത്ത കുട്ടികള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇളയ കുട്ടിയെ കൊലപ്പെടുത്തിയതെന്നും റേച്ചലിന്‍റെ മൊഴി വ്യക്തമാക്കുന്നു. 

മരിക്കുന്നത് വരെ ആണ്‍കുട്ടി കൈകളില്‍ നുള്ളുകയും മാന്തുകയും ചെയ്തുവെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം കുട്ടികള്‍ മയങ്ങിക്കിടക്കുന്നത് പോലെ സോഫയില്‍ കൊണ്ടുചെന്ന് കിടത്തി. അതിന് ശേഷം എമര്‍ജന്‍സി നമ്പറില്‍ വിളിക്കുകയായിരുന്നുവെന്നും റേച്ചല്‍ മൊഴി നല്‍കി. 

കുട്ടികളെ പരിശോധിച്ച ഉദ്യോഗസ്ഥര്‍ കൊലപാതക സാധ്യതയേക്കുറിച്ച് ആദ്യം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെന്‍റ്രി പരാതിയുമായി എത്തുന്നത്. ഭാര്യ ഏതാനും ദിവസങ്ങളായി വിചിത്രമായി പെരുമാറിയിരുന്നെന്ന് പറഞ്ഞ ഹെന്‍റ്രി കുട്ടികളെ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്ന് പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷമാണ് ഓക്കലഹോമയില്‍ നിന്നും ഇവര്‍ അരിസോണയിലേക്ക് താമസം മാറുന്നത്. അത്യാവശ്യ സേവനങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ നിസംഗമായുള്ള റേച്ചലിന്‍റെ പെരുമാറ്റം അയല്‍ക്കാര്‍ക്കിടയിലും സംശയം ജനിപ്പിച്ചിരുന്നു. ഹെന്‍റ്രിയേയും റേച്ചലിനേയും അറസ്റ്റ് ചെയ്തെങ്കിലും വന്‍തുക കെട്ടിവച്ച് ഹെന്‍റ്രിയെ കോടതി ജാമ്യത്തില്‍ വിട്ടു. കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച കോടതി, നടപടികള്‍ ജനുവരി 31ലേക്ക്  മാറ്റിവച്ചു. 

click me!