കരച്ചില്‍ നിര്‍ത്തിയില്ല; അമ്മ മൂന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ നാവ് മുറിച്ചെടുത്ത ശേഷം കനാലില്‍ എറിഞ്ഞുകൊന്നു

By Web TeamFirst Published Nov 7, 2019, 9:15 PM IST
Highlights
  • മൂന്ന് മാസം പ്രായമായ കുട്ടിയുടെ നാവ് മുറിച്ചെടുത്ത ശേഷം അമ്മ കനാലില്‍ എറിഞ്ഞുകൊന്നു
  • കരച്ചില്‍ നിര്‍ത്താതായതോടെയാണ് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
  • യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് 

ചിക്കമംഗളൂര്‍: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ അമ്മ മൂന്ന് മാസം പ്രായമുളള കുഞ്ഞിന്‍റെ നാവ് മുറിച്ചെടുത്ത ശേഷം കനാലിൽ എറിഞ്ഞുകൊന്നു. കരച്ചിൽ നിർത്താത്തതിനായിരുന്നു ക്രൂരത. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ചിക്കമംഗളൂരുവിലെ ബേട്ടതാവരക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം.  മൂന്ന് മാസം പ്രായമുളള ആൺകുഞ്ഞിന് സുഖമില്ലാത്തതിനെ തുടർന്ന് കമലയും ഭർത്താവിന്‍റെ അമ്മയും തവരക്കരയിലെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയെ ഇവിടെ അഡ്മിറ്റാക്കി. അസുഖം കാരണം കുഞ്ഞ് കരച്ചിൽ നിർത്തിയില്ല. 

ഭർത്താവിന്‍റെ അമ്മ ഉറങ്ങിക്കിടന്ന നേരത്ത് കുഞ്ഞുമായി കമല പുറത്തേക്ക് പോയി. നാല് കിലോമീറ്ററോളം അകലെയുളള ഹാലിയൂരിൽ എത്തി. കരച്ചിൽ നിർത്താതിരുന്നതിനെ തുടർന്ന് കുഞ്ഞിന്‍റെ നാവ് മുറിച്ചെടുത്ത ശേഷം ഭദ്ര പദ്ധതിയുടെ കനാലിലേക്ക് എറിയുകയായിരുന്നു. തിരിച്ച് ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. അവർ പൊലീസിനെ അറിയിച്ചു.

 ഇതിനിടെ കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം ഒഴുകിനടക്കുന്നത് നാട്ടുകാ‍ർ കണ്ടു.പൊലീസെത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് കുഞ്ഞ് കമലയുടേതാണെന്ന് വ്യക്തമായത്.ഇവർ പിന്നീട് കുറ്റസമ്മതം നടത്തി. കമലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സൂചനയുണ്ടെന്നും കൂടുതൽ വൈദ്യ പരിശോധനയിൽ ഇത് വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

click me!