
തൃശൂർ: അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളെ അപായപ്പെടുത്താൻ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകൾ വാങ്ങി. അതിൽ കുറച്ച് ഇരുവർക്കും നൽകി. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി. ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്‍റെ ബാക്കിയും വിഷം നൽകിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടിൽ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്.
തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ദുലേഖ അച്ഛനേയും കൊല്ലാൻ ശ്രമിച്ചിരുന്നു. അമ്മയുടേയും അച്ഛന്‍റേുയും പേരിലുള്ള 14 സെന്‍റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ക്രൂരത. ഇന്ദുലേഖ തന്നെയാണ് അമ്മ രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് രുഗ്മിണി മരണം സംഭവിക്കുകയായിരുന്നു. വിഷബാധയെന്ന് ഡോക്ടർമാർക്ക് സംശയം തൊന്നിയതിനെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വിഷം ഉള്ളിൽചെന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെയാണ് ഇന്ദുലേഖയിലേക്ക് പൊലീസെത്തിയത്.
കുടുംബാംഗങ്ങളെ മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. മകളെ സംശയമുണ്ടെന്ന് അച്ഛൻ തന്നെ സൂചന നൽകി. ഇതോടെ പൊലീസ് ഇന്ദുലേഖയെ ചോദ്യം ചെയ്തു. അച്ഛനെയും കൊല്ലാൻ ഇന്ദുലേഖ ശ്രമിച്ചെന്നും ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. അച്ഛന് ചായയിൽ വിഷം കലര്‍ത്തി നൽകിയെങ്കിലും രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. ഇന്ദുലേഖയ്ക്ക് ഭർത്താവ് അറിയാത്ത എട്ട് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിൽ എത്തും മുമ്പ് കടം തീർക്കാനായിരുന്നു മകളുടെ കൊടുംക്രൂരത. അമ്മയുടെയും അച്ഛന്റേയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിൽക്കാനായിരുന്നു പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam