
ഭോപ്പാൽ : മധ്യപ്രദേശിൽ ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത 16 കാരി മരിച്ചു. ജബൽപ്പൂർ ജില്ലയിലെ റാഞ്ചിയിലാണ് ക്രൂരമായ സംഭവം നടന്നത്. പെൺകുട്ടിയുടെ രണ്ട് കസിൻസ് ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. കുട്ടിയെ രക്ഷിക്കാനായി ഓടി എത്തിയ മുത്തശ്ശിയെയും ഇവരിലൊരാൾ ബലാത്സംഗം ചെയ്തു. മുംബൈയിൽ അച്ഛന്റെ കൂടെയാണ് പെൺകുട്ടി താമസിക്കുന്നത്. ഓഗസ്റ്റ് 11 ന് ജബൽപ്പൂരിലെ അമ്മാവന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു കുട്ടി.
ഓഗസ്റ്റ് 13 മുതലാണ് കുട്ടിയെ കസിൻസ് ചേർന്ന് ബലാത്സംഗം ചെയ്ത് തുടങ്ങിയത്. പെൺകുട്ടി തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. ദിവസങ്ങളോളം തുടർച്ചയായി മർദ്ദനം നേരിട്ടു. ഓഗസ്റ്റ് 19നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുവരെ കുട്ടി ക്രൂരമായ ആക്രമണം നേരിടുകയായിരുന്നു. ഓഗസ്റ്റ് 20 ന് കുട്ടി മരിച്ചു. ജബൽപ്പൂരിൽ വച്ച് തന്നെ കുട്ടിയുടെ സംസ്കാരച്ചടങ്ങുകൾ നടത്തി.
തന്റെ മകളെ രണ്ട് കസിൻസ് ചേർന്ന് നിരന്തരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞതായി ജബൽപൂർ എഎസ്പി പ്രദീപ് കുമാർ പറഞ്ഞു. തന്റെ അമ്മയാണ് തന്റെ മകൾ നേരിട്ട ക്രൂരത വെളിപ്പെടുത്തിയതെന്നും അമ്മയും ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മുത്തശ്ശിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികൾക്കെതിരെ പോക്സോ വകുപ്പ് അടക്കമുള്ളവ ചുമത്തി. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.