'പാര്‍ട്ടിക്കാര്‍ കേസില്‍ കളിച്ചു, പൊലീസ് സത്യമറിയിച്ചെങ്കില്‍ ഇളയമോള്‍ രക്ഷപ്പെടുമായിരുന്നു': വാളയാ‌ർ പെൺകുട്ടികളുടെ അമ്മ

By Web TeamFirst Published Oct 27, 2019, 9:02 PM IST
Highlights

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് പറഞ്ഞ അവർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറയുമെന്നും പറഞ്ഞു.

തിരുവനന്തപുരം: വാളയാ‌‌ർ കേസിലെ പ്രതികൾ ഇടത് മുന്നണി പ്രവ‌ർത്തകരെന്ന് മരിച്ച കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ. പാർട്ടിയിൽ ആരൊക്കെയായിട്ടാണ് പ്രതികൾക്ക് ബന്ധമുള്ളതെന്ന് അറിയില്ലെന്ന് പറഞ്ഞ അമ്മ രാഷ്ട്രീയ സ്വാധീനമാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും ആരോപിക്കുന്നു. അപ്പീലിലോ, പൊലീസ് അന്വേഷണത്തിലോ വിശ്വാസമില്ലെന്ന്  ആവർത്തിച്ച പെൺകുട്ടികളുടെ അമ്മ എൽഡിഎഫ് ബന്ധമാണ് ഇവരെ രക്ഷുപ്പെടാൻ സാധിച്ചതെന്ന് ആരോപിക്കുന്നു. 

ന്യൂസ് അവറില്‍ അമ്മ പറഞ്ഞ വാക്കുകള്‍... 

പൊലീസുകാര്‍ അപ്പീല്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ഈ കേസ് വീണ്ടും അന്വേഷിക്കുന്നതാണ് നല്ലത്. പാര്‍ട്ടിക്കാരും പൊലീസുകാരും കൂടെ കളിച്ചാണ് കേസ് അട്ടിമറിച്ചത്. പാര്‍ട്ടിക്കാരുടെ കളി ഇതിലുണ്ട്. അവര്‍ക്ക് പാര്‍ട്ടിക്കാരുടേയും പൊലീസിന്‍റേയും പിന്തുണയുണ്ട്. എല്‍ഡിഎഫുകാരാണ് ഇതിലുള്ളത്.  ഈ കേസ് എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കണ്ടതെല്ലാം ഞങ്ങള്‍ പറഞ്ഞതാണ്. എല്ലാം തെളിവും കൊടുത്തതാണ്. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലേ അവരെ പീഡിപ്പിച്ചെന്ന് എന്നിട്ടും പ്രതികളെ വെറുതെ വിട്ടത് എന്തിനാണ്. 

മൂത്തകുട്ടി മരിച്ചത് പീഡനം മൂലമാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ആരും ഞങ്ങളോട് അത് പറഞ്ഞില്ല.  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഞങ്ങള്‍ക്ക് തന്നില്ല. രണ്ടാമത്തെ മോളും മരിച്ച ശേഷമാണ് അവര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് തന്നതും വിവരങ്ങളെല്ലാം ഞങ്ങള്‍ അറിയുന്നതും. മൂത്ത മോള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പൊലീസ് ഞങ്ങളെ അറിയിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ആരെങ്കിലും പണിക്ക് പോകാതെ ചെറിയ മോള്‍ക്ക് കാവലിരിക്കുമായിരുന്നു. എങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. (വിതുമ്പുന്നു)

കഴിഞ്ഞ മാസം വരെ അവര്‍ ഞങ്ങളോട് പറഞ്ഞത് നിങ്ങളൊന്നും പേടിക്കണ്ട പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാണ് എന്നൊക്കെയാണ്. അങ്ങനെയൊക്കെയാണ് ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്താണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ക്കൊരു എത്തും പിടിയും കിട്ടുന്നില്ല. 

ഈ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കുമെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞതാണ് പിന്നെ എന്തു കൊണ്ടാണ് ഇപ്പോള്‍ പ്രതികളെ വെറുതെ വിട്ടത്. പ്രതികളെ ശിക്ഷിക്കും എന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചിട്ട് ഇപ്പോ അവരെയൊക്കെ വെറുതെവിട്ടില്ലേ. ? ഞങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നുണ്ട്. നേരില്‍ കണ്ട് ഞങ്ങള്‍ക്ക് നീതി തരണമെന്നും പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കണമെന്നും ആവശ്യപ്പെടും. 

കേസില്‍ വിധി വരും വരെ പ്രതികളെ വെറുതെ വിടാന്‍ സാധ്യതയുണ്ടെന്ന് ആരും ഞങ്ങളോട് പറഞ്ഞില്ല. എല്ലാ തെളിവുകളും ഞങ്ങള്‍ കോടതിയില്‍ കൊടുത്തതാണ്. മൂത്തമോളെ  ഉപദ്രവിക്കുന്നത് കണ്ടെന്ന് ഞാനും കുട്ടികളുടെ അച്ഛനും കോടതിയില്‍ പറഞ്ഞതാണ്. 

കേസിലെ ഒന്നും രണ്ടും പ്രതികള്‍ കുട്ടികളുടെ അച്ഛന്‍റെ ഉറ്റ ബന്ധുക്കളാണ്. ഇവര്‍ രണ്ടാളും എല്‍ഡിഎഫിന്‍റെ ആള്‍ക്കാരാണ് . അവര്‍ പാര്‍ട്ടി പരിപാടികള്‍ക്ക് പോകുന്നവരാണ്. എന്നാല്‍ ഇവര്‍ക്ക് പാര്‍ട്ടിയില്‍ ആരൊക്കെയായിട്ടാണ് ബന്ധമെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. എന്തായാലും മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ട് കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കണം എന്ന് പറയും. 

ഞങ്ങള്‍ ജീവിക്കുന്ന വീടും സ്ഥലവും വില്‍ക്കേണ്ടി വന്നാലും വേണ്ടില്ല. ഞങ്ങള്‍ കേസ് നടത്തും. കഴിഞ്ഞ മാസം വരെ പൊലീസുകാര്‍ ഞങ്ങളെ പറഞ്ഞു പറ്റിച്ചതാണ്. മധുവിനെതിരെ ഞങ്ങള്‍ നേരിട്ട് മൊഴി നല്‍കിയതിനാല്‍ അവര്‍ക്ക് ഉറപ്പായും ശിക്ഷ കിട്ടും എന്നൊക്കെയാണ് ഞങ്ങളോട് പറഞ്ഞത്.  

കേസിന്‍റെ കാര്യവും വിധി വരുന്ന കാര്യമൊന്നും ആരും ഞങ്ങളോട് പറഞ്ഞില്ല. കേസിലെ ഒന്നാം പ്രതി പ്രദീപിനെ വെറുതെ വിട്ടു എന്ന് ടിവിയില്‍ കണ്ടപ്പോള്‍ ഞാന്‍ സാറിനെ ( അന്വേഷണ ഉദ്യോഗസ്ഥന്‍) വിളിച്ചു ചോദിച്ചു... എന്താ സാറേ പ്രദീപിന് കേസൊന്നുമില്ലേയെന്ന്... അവനെ വെറുതെ വിട്ടല്ലോ എന്ന്. 

അവനെതിരെ തെളിവൊന്നുമില്ല നിങ്ങളാരും കോടതിയില്‍ ഒന്നും പറയാത്തത് കൊണ്ട് അവനെ വെറുതെ വിട്ടു എന്നാണ് പറഞ്ഞത്. ഞങ്ങളെ പോലെയുള്ള പാവപ്പെട്ടവരുടെ മക്കളെ ആരെന്ത് ചെയ്താലും കേസൊക്കെ അവസാനം ഇങ്ങനെ തേഞ്ഞു മാഞ്ഞു പോകുമെന്ന് ഉറപ്പാണ് (വിതുമ്പുന്നു)

പൊലീസ് പ്രതികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് പറഞ്ഞ അമ്മ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്നും ആരോപിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറയണമെന്ന് പറ‍ഞ്ഞ അമ്മ തെറ്റ് ചെയ്തവ‌ർക്ക് ശിക്ഷ വാങ്ങിച്ച് നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. 

ആദ്യത്തെ കുട്ടി മരിച്ചപ്പോൾ പോസ്റ്റ്മോ‌ർട്ടം റിപ്പോ‌ർട്ട് പോലും നൽകിയില്ലെന്നും ഇത് നൽകിയിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണമെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് ഇന്നും അമ്മ ആവ‌ർത്തിച്ചു. 

 Read More : 'പീഡനം അടക്കം മറച്ചു വച്ചു', പൊലീസിനെതിരെ വാളയാറിൽ മരിച്ച പെണ്‍കുട്ടികളുടെ അമ്മ
 

കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

click me!