
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്. കുഞ്ഞിനെ കഴുത്തുമുറുക്കി കൊന്നത് താനെന്ന് അമ്മയുടെ സുഹൃത്ത് തൻബീർ ആലം പൊലീസിനോട് പറഞ്ഞു. ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിലാണ് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ പൊലീസിനോട് പറഞ്ഞത്.
തൻബീറിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടാണ് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ നാല് വയസ്സുകാരൻ ഗിൽദാറെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. മുന്നി ബീഗവും, മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലവും ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ
കോളെജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് വ്യക്തമായിരുന്നു. ഒരാഴ്ച മുമ്പാണ് കഴക്കൂട്ടത്തെ ലോഡ്ജിൽ മുന്നി ബീഗവും തൻവീർ ആലവും താമസിക്കാനെത്തിയത്. ഇവർക്കൊപ്പം മുന്നിബീഗത്തിന്റെ നാലും ഒന്നും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. ഭാര്യ ഭർത്താക്കന്മാർ എന്നായിരുന്നു ഇവർ ലോഡ്ജിൽ പറഞ്ഞിരുന്നത്. ഭക്ഷണം കഴിച്ച് കിടന്ന കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞുമായി ഇന്നലെ ഇവർ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ കഴുത്തിലെ അസ്വാഭാവിക പാടുകളും ചോരയും കണ്ട് ഡോക്ടർമാരാണ് പൊലീസിനെ വിവരമറിയിച്ചത്. മരണത്തിൽ തുടക്കത്തിലേ ദുരൂഹത തോന്നിയതിനാൽ ഇരുവരെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു.
ആദ്യ ദിവസം തന്നെ ചോദ്യം ചെയ്യലിൽ തൻവീർ ആലം ഭർത്താവല്ലെന്ന് മുന്നീ ബീഗം സമ്മതിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ മരണംസംബന്ധിച്ച് കൂടുതൽ വിവരം പൊലീസിന് ഇവരിൽ നിന്ന് കിട്ടിയിരുന്നില്ല. തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻവീർ കുറ്റസമ്മതം നടത്തിയത്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ അച്ഛനും ബന്ധുക്കളും എത്തിയതിന് ശേഷം മൃതദേഹം വിട്ടുനൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam