
കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരിൽ(Coimbatore) പതിനഞ്ച് വയസുകാരി കൊല്ലപ്പെട്ട(Murder) സംഭവത്തിൽ പ്രതി പിടിയിലായി. അയൽവാസിയും കുട്ടിയുടെ അമ്മയുടെ സുഹൃത്തുമായ മുത്തുകുമാറിനെയാണ് ശരവണംപെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം(Rape) ചെയ്തതിന് ശേഷം കുട്ടിയെ കഴുത്തിൽ കയർ കുരുക്കി കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. രണ്ട് ദിവസമായി കാണാതായ കുട്ടിയുടെ മൃതശരീരം കഴിഞ്ഞ ദിവസമാണ് കമ്പിളിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടി മാലിന്യക്കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ശുചീകരണ തൊഴിലാളികളുടേയും നാട്ടുകാരുടേയും ശ്രദ്ധയിൽ പെടുകയായിരുന്നു. അസിസ്റ്റന്‍റ് കമ്മീഷണർ ഇ. ഉമയുടെ നേതൃത്വത്തിൽ രണ്ട് സംഘമായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയ പൊലീസ് കുട്ടിയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കെട്ടിട നിർമാണ തൊഴിലാളിയും അയൽവാസിയുമായ പ്രതിയോടാണ് കുട്ടി അവസാനമായി സംസാരിച്ചതെന്നറിഞ്ഞതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയാരുന്നു.
ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന കുട്ടിയുടെ അമ്മയും ഇയാളും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീ വീട്ടിലില്ലാത്ത സമയത്ത് കടം വാങ്ങിയ സ്വർണം തിരികെ നൽകുന്ന വിവരം സംസാരിക്കാൻ എന്ന മട്ടിൽ എത്തിയ പ്രതി കുട്ടിയെ വായിൽ തുണി തിരുകിയശേഷം ബലാത്സംഗം ചെയ്തു. പിന്നീട് കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി തള്ളിയെന്നും ഇയാൾ സമ്മതിച്ചു.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാൻ അമ്മയ്ക്കൊപ്പം കോയമ്പത്തൂർ ഈസ്റ്റ് വനിതാ പൊലീസ് സ്റ്റേഷനിൽ ഇയാളും എത്തിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുന്ന സമയത്തും സംസ്കാര സമയത്തും ഏറെ ദുഃഖിതനായി നടിച്ച് ഇയാൾ അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു. കൃത്യം നടന്ന വീട്ടിലും മൃതദേഹം ഒളിപ്പിച്ചയിടത്തും അടുത്ത ദിവസം പ്രതിയെ എത്തിച്ച് തെളിവെടുക്കും.