മുക്കം ഇരട്ടക്കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

By Web TeamFirst Published Apr 10, 2020, 11:27 PM IST
Highlights

ബിര്‍ജുവിന്റെ അച്ഛന്‍ വാസുവിന്റെ ആത്മഹത്യയും ഇതോടൊപ്പം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം 

കോഴിക്കോട്: മുക്കം ഇരട്ട കൊലപാതക കേസിലെ പ്രതി ബിര്‍ജുവിനെ ഈമാസം 15ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അമ്മ ജയവല്ലിയുടെ കൊലപാതകം പുനരന്വേഷിക്കുന്നതിന് വേണ്ടിയാണ് പൊലീസ് നടപടി. ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലാണ് ബിര്‍ജുവുള്ളത്.

2016 മാര്‍ച്ച് അഞ്ചിനാണ് ബിര്‍ജുവിന്റെ അമ്മ ജയവല്ലിയെ മണാശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ 2017ല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വണ്ടൂര്‍ സ്വദേശി ഇസ്മയിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ജയവല്ലി കേസില്‍ വഴിത്തിരിവായി.

ഇസ്മായിലിനെ കൊന്ന കേസില്‍ പിടിയിലായത് ജയവല്ലിയുടെ മകന്‍ ബിര്‍ജു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ സ്വത്ത് തട്ടാന്‍ അമ്മയെ കൊന്നതും താനെന്ന് ബിജു മൊഴി നല്‍കി. ഇതിന് ഇസ്മയിലിന്റെ സഹായവുമുണ്ടായിരുന്നു. ഈ രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇസ്മയിലിനേയും ബിര്‍ജു വകവരുത്തിയത്. ജയവല്ലിക്കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് ഇപ്പോള്‍ ജില്ലാ ജയിലിലുള്ള ബിര്‍ജുവിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

ജയവല്ലിക്കേസില്‍ റിമാന്‍ഡിലാണ് ബിര്‍ജു. ഈ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ നിര്‍ണായകമായ മൊഴികള്‍ കിട്ടിയതായാണ് സൂചന. ബിര്‍ജുവിന്റെ അച്ഛന്‍ വാസുവിന്റെ ആത്മഹത്യയും ഇതോടൊപ്പം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം
 

click me!