ഡോ. പായലിന്‍റേത് കൊലപാതകമെന്ന് സൂചന; മരണകാരണം കഴുത്തിലേറ്റ മുറിവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published May 30, 2019, 11:07 AM IST
Highlights

സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവര്‍  അറസ്റ്റിലാണ്. ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദവുമായി നേരത്തെ പായലിന്‍റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.  

മുംബൈ: മുംബൈയില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ യുവ ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ മരണകാരണം കഴുത്തിലേറ്റ മുറിവെന്ന് റിപ്പോര്‍ട്ട്. യുവ ഡോക്ടറുടേത് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്നതിന്‍റെ സൂചന നല്‍കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ മാസം 22-ാം തിയതിയാണ് മുംബൈയിലെ പ്രശസ്തമായ ബിവൈല്‍ നായര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പായല്‍ തഡ്‍വിയെന്ന 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിയായിരുന്നു പായല്‍. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജാതി പറഞ്ഞ് പായലിനെ അധിക്ഷേപിച്ചിരുന്നുവെന്നും വലിയ രീതിയിലുള്ള റാഗിംഗ് പായലിന് നേരിടേണ്ടി വന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവര്‍  അറസ്റ്റിലാണ്. ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദവുമായി നേരത്തെ പായലിന്‍റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.  

2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബി വൈ ല്‍ നായര്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. 2018 ഡിസംബര്‍ മാസത്തിലാണ് ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പരാതി പറഞ്ഞത്. പീഡനം കടുത്തതോടെ പായല്‍ ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. തുടര്‍ന്ന് റാഗിംഗ് നടത്തിയിരുന്ന 3 വിദ്യാര്‍ത്ഥികളെയും വിളിച്ചു വരുത്തി അധികൃതര്‍ ശാസിച്ചു. പക്ഷെ റാംഗിംഗിന് കുറവുണ്ടായില്ല. 
 

click me!