ഫെയ്‌സ്ബുക്കിലെ ചാറ്റിംഗ് വിനയായി; പെൺസുഹൃത്തിനെ രക്ഷിക്കാൻ ചിലവാക്കിയ ലക്ഷക്കണക്കിന് രൂപ നഷ്ടമായി

By Web TeamFirst Published Sep 17, 2019, 5:14 PM IST
Highlights

ഫെയ്സ്ബുക്കിൽ തുടങ്ങിയ ചാറ്റ് വാട്‌സ്ആപ്പിലും തുടർന്നു. പിന്നീട് മുംബൈയിൽ ഒരുമിച്ച് ബിസിനസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു

മുംബൈ: ഫെയ്സ്ബുക്കിൽ ലഭിച്ച പെൺസുഹൃത്ത് വഴി മുംബൈയിലെ ബിസിനസുകാരന് നാല് ലക്ഷം രൂപ നഷ്ടമായി.  അമേരിക്കൻ പൗര എന്ന പരിചയപ്പെടുത്തിയ സ്ത്രീയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും ദില്ലി കസ്റ്റംസ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

ഭക്ഷ്യോൽപ്പന്ന വിതരണക്കാരനായ 40കാരനാണ് തട്ടിപ്പിന് ഇരയായത്. ലൗലി കരൻ(Lovely Karen) എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് സൗഹൃദാഭ്യർത്ഥന വന്നത്. ജോർജ്ജിയയിലെ ഗ്രിഫിൻ നഗരത്തിൽ നിന്നുള്ള യുവതിയാണ് താനെന്നാണ് ഇവർ പരിചയപ്പെടുത്തിയത്. പിന്നീടിരുവരും ചാറ്റിംഗ് തുടങ്ങി. ഇവർ നൽകിയ അന്താരാഷ്ട്ര വാട്സ്ആപ്പ് നമ്പർ വഴിയും ചാറ്റിംഗ് തുടർന്നു. 

ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ താത്‌പര്യമുണ്ടെന്ന സ്ത്രീയുടെ ഓഫറിൽ ബിസിനസുകാരൻ വീണു. സെപ്തംബർ ആറിന് ഇന്ത്യയിലെത്താൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി സെപ്തംബർ മൂന്നിന് ഇവർ ചാറ്റിംഗിൽ പറഞ്ഞു.

എന്നാൽ സെപ്തംബർ ആറിന് ഇവർ എത്തിയില്ല. പകരം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിൽ നിന്നെന്ന് പരിചയപ്പെടുത്തിയ സ്ത്രീയുടെ ഫോൺ കോളാണ് ലഭിച്ചത്. പൂജാ ശർമ്മ എന്നായിരുന്നു ഇവർ സ്വയം പരിചയപ്പെടുത്തിയത്.

വൻതുക കൈവശം വച്ചതിന് അമേരിക്കക്കാരിയെ വിമാനത്താവളത്തിൽ തടവിൽ വച്ചിരിക്കുകയാണെന്നും നാല് ലക്ഷം രൂപ പിഴയടച്ചാൽ വിട്ടയക്കാമെന്നുമായിരുന്നു ഇവർ പറഞ്ഞത്. 

കൈയ്യിൽ പണം ഇല്ലാതിരുന്നതിനാൽ ദിവസങ്ങളെടുത്താണ് ഈ തുക ഇയാൾ സംഘടിപ്പിച്ചത്. എന്നാൽ പിന്നീട് കൂടുതൽ പണം കിട്ടിയാലേ പുറത്തിറങ്ങാനാവൂ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥയും അമേരിക്കക്കാരിയും ഫോണിലൂടെ പറഞ്ഞു. ഇതോടെ ബിസിനസുകാരന് സംശയമായി.

ദില്ലി എയർപോർട്ടിൽ വിളിച്ച ഇദ്ദേഹം കസ്റ്റംസ് ഓഫീസർ പൂജ ശർമ്മയെ തിരക്കുകയും ഇങ്ങിനെയൊരാൾ ഇല്ലെന്ന് മനസിലാക്കുകയും ചെയ്തു. ഉടനടി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞ ഇദ്ദേഹം പരാതി എഴുതി നൽകി. കേസ് ഇപ്പോൾ മുംബൈയിലെ വിലെ പാർലെ പൊലീസ് അന്വേഷിക്കുകയാണ്.

click me!