ബിജെപി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 9, 2020, 12:00 AM IST
Highlights

കേസിലെ ഒന്നും മൂന്നും പ്രതികളാണ് പിടിയിലായിരിക്കുന്നത്. യാത്രക്കാരായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കയറി തയ്യില്‍ത്താഴത്ത് വച്ച് സംഘം ആക്രമിക്കുകയായിരുന്നു. 

കോഴിക്കോട്: പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകന്‍ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ ഉടന് അറസ്റ്റിലാകുമെന്ന് കോഴിക്കോട് നോര്‍ത്ത് എസിപി അഷ്റഫ് പറഞ്ഞു.

കോഴിക്കോട് മായനാട് പുനത്തില്‍ അബ്ദുല്ല, പൂവാട്ട്പറമ്പ് സ്വദേശി ചായിച്ചന്‍കണ്ടി അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. പട്ടര്‍പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ കെ.കെ ഷാജിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് രാത്രിയാണ് ഇവര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

കേസിലെ ഒന്നും മൂന്നും പ്രതികളാണ് പിടിയിലായിരിക്കുന്നത്. യാത്രക്കാരായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കയറി തയ്യില്‍ത്താഴത്ത് വച്ച് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം ചികിത്സയിലായിരുന്നു.

ഒന്നര ലക്ഷത്തോളം ഫോണ്‍ കോളുകളും ആയിരത്തിലധികം വാഹനങ്ങളും പരിശോധിച്ച ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നൂറിലധികം പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ഇനിയും പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികളെ പട്ടര്‍പാലത്ത് എത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടയില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പ്രതിഷേധിച്ചു. 17 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.

click me!