
പത്തനംതിട്ട: പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് പൊലീസ്. പ്രതി അനുഷ ആശുപത്രി മുറിയിൽ എത്തിയത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യാനാണ് ആക്രമിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവ് അരുണിനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. അനുഷയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു.
യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംപോളിസം എന്ന മാർഗ്ഗമാണ് പ്രതി സ്വീകരിച്ചത്. ആശപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇന്നലെ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയുടെ ഫോണ്‍ വിവരങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. എങ്ങനെയാണ് പ്രതി ആശുപത്രിയില്‍ എത്തിയത് എന്നാണ് പൊലീസ് പരിശോധിച്ചത്. അക്രമത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചാണ് ആശുപത്രിയില്‍ എത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു. അരുണും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. ആക്രമിക്കപ്പെട്ട യുവതിയുടെ കുടുംബത്തിന് ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നും സംശയം നീക്കാന്‍ വേണ്ടി മാത്രമാണ് വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിക്കുള്ളില്‍ കടന്ന പുല്ലകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ ( 25)യുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പൊളിഞ്ഞത്. പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹ. അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്. സ്നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കാലപാതകം ആസൂത്രണം ചെയ്തത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്. ഫാര്‍മസിസ്റ്റായിരുന്ന അനുഷ സമർത്ഥമായി എയര്‍ എംബോളിസം മാർഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തം ക്രോസ്‌മാച്ച് ചെയ്യുന്നതിന്റെ പേരിൽ തട്ടിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam