
തിരുവനന്തപുരം: തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ കേസ്. വലിയതുറ സ്വദേശി കൊടും കുറ്റവാളി ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് അനങ്ങിയിരുന്നില്ല. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഒടുവിൽ കേസെടുത്തത്.
തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ച് ഒരാഴ്ച മുമ്പാണ് ഗുണ്ടയായ ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് കാല് പിടിപ്പിക്കുന്നത്. കരിമണൽ ഭാഗത്തേക്ക് ഗുണ്ടാസംഘം വെങ്കിടേഷിനെ കൂട്ടികൊണ്ടുവന്നാണ് കാലുപിടിപ്പിക്കുന്ന ദൃശ്യം പകർത്തിയത്. ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിട്ടും യുവാവിനെ കണ്ടെത്താനോ സംഭവം അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല. ഇന്നലെ മാധ്യമങ്ങള്‍ വാർത്ത നൽകിയതിനെ പിന്നാലെയാണ് യുവാവിനെ കണ്ടെത്തി മൊഴിയെടുത്ത് കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഗുണ്ടാലിസ്റ്റിൽ ഉള്‍പ്പെട്ട ഡാനിയും വെങ്കിടേഷും സുഹൃത്തുക്കളായിരുന്നു. ഡാനിയുടെ ഭാര്യയുമായുള്ള വെങ്കിടേഷിന്‍റെ സൗഹൃദത്തിൽ സംശയിച്ച് കഴിഞ്ഞയാഴ്ച നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വച്ച് വെങ്കിടേഷിനെ മർദ്ദിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കാണാൻ വെങ്കിടേഷ് എത്തിയപ്പോഴായിരുന്ന മർദ്ദനം. സംഭവമറിഞ്ഞ് വഞ്ചിയൂർ പൊലിസ് സ്ഥലത്തെത്തിയെങ്കിലും ആരും പരാതി നൽകിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷമാണ് വെങ്കിടേഷിനെ വീണ്ടും വിളിച്ചുവരുത്തി കാലുപിടിപ്പിച്ചത്. മർദ്ദിച്ചതിനും വഞ്ചിയൂരും കാലുപിടിപ്പിച്ചതിന് തുമ്പയിലും കേസെടുത്തു. എസ്.സി-എസ്ടി അതിക്രമ നിരോധന വകുപ്പ് പ്രകാരവും മർദ്ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതി ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. ചാക്ക, വലിയതുറ കേന്ദ്രീകരിച്ച് ഗുണ്ടസംഘത്തെ നയിക്കുന്ന ഡാനിക്ക് രാഷ്ട്രീയ സംരക്ഷമുള്ളതുകൊണ്ടാണ് പൊലിസ് കേസെുക്കാൻ മടിച്ചതെന്നാണ് ആക്ഷേപം.
യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച സംഭവം; ഗുണ്ടാനേതാവ് ഡാനിക്ക് എതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam