നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

By Web TeamFirst Published Jul 3, 2019, 7:10 PM IST
Highlights

കൊലയിലേക്ക് നയിച്ച മർദ്ദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്‍റണിയുമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

തൊടുപുഴ: രാജ്കുമാറിന്‍റെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച്  കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്. അറസ്റ്റിലായ എസ്ഐ അടക്കമുള്ള രണ്ട് പൊലീസുകാർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കസ്റ്റഡിയിൽ കുഴഞ്ഞ് വീണ എസ്ഐ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ചയുണ്ടായതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജയിൽ ഡിജിപി അറിയിച്ചു.

രാജ്കുമാറിന്‍റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് വ്യക്തമാണെന്നും കൊലയിലേക്ക് നയിച്ച മർദ്ദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്‍റണിയുമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

ഇരുവർക്കും എതിരെ പ്രത്യേക അന്വേഷണ സംഘം ഐപിസി 302 അടക്കമുള്ള വകുപ്പുകൾ ചുമത്തി. അറസ്റ്റ് വിവരം അറിയച്ചയുടൻ രക്തസമ്മ‍ർദ്ദം കുറഞ്ഞ് എസ്ഐ സാബു കുഴഞ്ഞ് വീണു. ഇസിജിയിലും വ്യതിയാനം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സാബുവിനെ 9 മണിക്കൂർ നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.

ആരോഗ്യനില തൃപ്തികരമെന്ന് ബോധ്യപ്പെട്ടാൽ ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണ സംഘം കേസിൽ ഇടക്കാല റിപ്പോ‍ർട്ട് സമർ‍പ്പിച്ചു. റിപ്പോർട്ടിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പൊലീസുകാർക്ക് എതിരെ നടപടിയ്ക്ക് ശുപാർശയുണ്ടെന്നാണ് സൂചന. ഇതിനിടെ രാജ്കുമാറിനെ റിമാൻഡ് തടവിൽ പാർപ്പിച്ച പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ചയുണ്ടായോ എന്ന് നേരിട്ട് വിലയിരുത്തുമെന്ന് ജയിൽ ഡിജിപി അറിയിച്ചു.

click me!