
ചെന്നൈ: കോടതിക്ക് മുന്നിൽ അതിക്രൂരമായ കൊലപാതകം. വിചാരണ കേസ് പ്രതിയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലാ കോടതിക്ക് മുന്നിലാണ് സംഭവം. ചെന്നൈ താംബരം സ്വദേശി ലോകേഷിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 2015 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണക്കെത്തിയതായിരുന്നു ലോകേഷ്. അഞ്ചംഗ അക്രമി സംഘം മൂന്ന് ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷം ലോകേഷിനെ വടിവാളുകളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് അക്രമികൾ കോടതി പരിസരത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും ചെങ്കൽപേട്ട് പൊലീസ് അറിയിച്ചു.
ഇന്ന് കൊച്ചി നഗര മധ്യത്തിലും അതിക്രൂരമായ കൊലപാതകം നടന്നു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ സാബുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾ മട്ടാഞ്ചേരി സ്വദേശിയാണ്. എറണാകുളം നോർത്ത് പൊലീസ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളെ കണ്ടെത്തി വിട്ടുകൊടുക്കും. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.